KeralaLatest

തിരുവനന്തപുരത്ത് അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു

“Manju”

തിരുവനന്തപുരത്ത് അപൂർവരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വേറ്റിനാട് സ്വദേശികളായ അച്ഛനും മകനുമാണ് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് ബാധിച്ചത്. കന്നുകാലിയിൽ നിന്ന് രോഗം പകർന്നതെന്നാണ് പ്രാഥമിക നിഗമനം. രോഗബാധിതരായ അച്ഛനെയും മകനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

2019ലും ഈ വ‌ർഷം ജൂലായിലും ഈ രോഗം കേരളത്തിൽ കണ്ടെത്തിയിരുന്നു. കൊല്ലം കടയ്ക്കൽ സ്വദേശിയായ ഏഴ് വയസുകാരിക്കാണ് ജൂലായിൽ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചത്. 2019ൽ മയ്യനാട് താന്നി സ്വദേശിയായ ക്ഷീര കർഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. പക്ഷെ വീട്ടിലെ കന്നുകാലികൾക്ക് രോഗമില്ലായിരുന്നു.

മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്ന ബാക്‌ടീരിയൽ രോഗമാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേയ്ക്ക് പകരുന്നതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. കന്നുകാലികൾക്ക് പുറമേ പൂച്ച, പട്ടി അടക്കമുള്ള വളർത്തുമൃഗങ്ങളിൽ നിന്നും രോഗബാധയ്ക്ക് സാദ്ധ്യതയുണ്ട്.

രോഗ ലക്ഷണങ്ങൾ

ബ്രൂസെല്ലോസിസ് ബാധിച്ചാൽ മുണ്ടിനീരിന് സമാനമായി മുഖത്ത് നീരുണ്ടാകും. ഇത് വിട്ടുമാറാത്ത പനിയ്ക്ക് കാരണമാകും. കൃത്യസമയത്ത് ചികിത്സ തേടിയില്ലെങ്കിൽ അവയവങ്ങളുടെ പ്രവർത്തനത്തെ ബാധിച്ച് മരണത്തിലേക്ക് നീങ്ങാനിടയുണ്ട്. ദേഹമാസകലമുള്ള നീരും രോഗലക്ഷണങ്ങളിലൊന്നാണ്. രോഗം ബാധിച്ചാൽ അസഹനീയമായ ശരീരവേദനയും ഉണ്ടാവും. രോഗലക്ഷണങ്ങൾ പ്രകടമായാൽ കൃത്യമായ ചികിത്സയും വിശ്രമവും ആവശ്യമാണ്. മതിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ വന്ധ്യതയ്ക്ക് വരെ കാരണമാകാമെന്നും വിദഗ്ദ്ധർ പറയുന്നു.

Related Articles

Back to top button