ഭൂകമ്പത്തിൽ നിലംപരിശായ കച്ച്. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച ടൂറിസം വില്ലേജ്

ഗുജറാത്ത് : 2001ലെ ഭൂകമ്പത്തിൽ സർവ്വതും നശിച്ച് തിരിച്ച് വരവ് ഏങ്ങനെയെന്ന് ചിന്തിച്ചിടത്തു നിന്നും ഇന്ന് ലോകത്തിലെ മികച്ച ടൂറിസം വില്ലേജായി മാറിയിരിക്കുകയാണ് ദി ഗ്രേറ്റ് റാൻ ഓഫ് കച്ചിന്റെ കവാടമായ ദോർദോ വില്ലേജ്. ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷൻ നടത്തിയ സർവ്വേയിലാണ് റാൻ ഓഫ് കച്ചിലെ ദോർദോ ഗ്രാമത്തെ മികച്ച ടൂറിസം വില്ലേജായി തിരഞ്ഞെടുത്തത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 70 ഗ്രാമങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചിട്ടുള്ളത്. ഉസ്‌ബെക്കിസ്ഥാനിൽ വച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം വിതരണം ചെയും. ഗ്രാമീണവികസനം, പരിസ്ഥിതി പരിപാലനം, സാസ്‌കാരിക പൈതൃകം, എന്നിവയെ അടിസ്ഥാനമാക്കിയാണ് മികച്ച ടൂറിസം വില്ലേജിനെ കണ്ടെത്തുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ ജില്ലയായ കച്ചിലെ പ്രധാന ആകർഷണം ഉപ്പുമരുഭൂമിയാണ്. മഴക്കാലങ്ങളിൽ വെള്ളത്താൽ ചുറ്റപ്പെട്ട ഈ പ്രദേശം വേനൽ ആകുമ്പോഴേക്കും ഉപ്പുമരുഭൂമിയായി മാറും. പകൽ സമയങ്ങളിൽ വെള്ളനിറത്തിൽ നോക്കത്താ ദൂരത്തോളം പരന്ന് കിടക്കുന്ന മരുഭൂമിയെ രാത്രി നിലാ വെളിച്ചത്തിൽ കാണാൻ നല്ല ഭംഗിയാണ്. കൂടാതെ സൂര്യോദയ കാഴ്ചയും ഇവിടുത്തെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ്.
ദിനം പ്രതി നിരവധി വിനോദസഞ്ചാരികളാണ് കച്ചിൽ എത്തുന്നത്. ഗുജറാത്തിലെ പ്രസിദ്ധമായ റാൻ ഉത്സവം നടക്കുന്നതും ദോർദോ ഗ്രാമത്തിലാണ്. 2005 ൽ ആരംഭിച്ച ഈ ഉത്സവത്തിൽ പങ്കെടുക്കുന്നതിനും നിരവധി ആളുകൾ ഈ ഗ്രാമത്തിൽ എത്താറുണ്ട്. ദോർദോ ഗ്രാമത്തെ ഗ്രാമീണ ഭംഗിയോട് കൂടിയാണ് വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റിയത്. ഗ്രാമത്തെ കുടിലുകളായ ഭുംഗയിലാണ് വിനോദസഞ്ചാരികൾ താമസത്തിനായി എത്തുന്നത്. കൂടാതെ ഒട്ടകസവാരിയും നാടോടിനൃത്തങ്ങളും അടക്കം വിനോദസഞ്ചാരികളെ ആകർഷിപ്പിക്കുന്നതിനും ആനന്ദിപ്പിക്കുന്നതിനുമായി നിരവധി കാര്യങ്ങൾ ദോർദോയിൽ ഉണ്ട്.
2001 ജനുവരി 26 ന് രാജ്യത്തെ തന്നെ നടുക്കിയ ഭൂകമ്പത്തിനാണ് റാൻ ഓഫ് കച്ച് സാക്ഷ്യം വഹിച്ചത്. 7.6 തീവ്രത രേഖപ്പെടുത്തിയ ദുരിതത്തിൽ 13,000 ത്തിൽ അധികം ആളുകൾ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സർക്കാരിന്റെയും വിവിധ എൻജിഓകളുടെയും രണ്ട് വർഷം നീണ്ട പരിശ്രമങ്ങളുടെ ഫലമായി ദോർദോ ഗ്രാമത്തെ പുത്തൻ ഉണർവോടെ വീണ്ടെടുക്കാൻ സാധിച്ചു. പ്രകൃതിക്ഷോഭത്തെ തുടർന്നുണ്ടായ കേടുപാടുകളിൽ നിന്നും പെട്ടെന്ന് മുക്തി നേടാൻ ദോർദോ വില്ലേജിനും ആയില്ലായെങ്കിലും പരിശ്രമങ്ങളുടെയും ഒത്തൊരുമയുടെ ഫലമായി ഇന്ന് അതേ പ്രകൃതി തന്നെ ആ ഗ്രാമത്തിന് നൽകിയത് ലോകത്തിലെ ഏറ്റവും മികച്ച അംഗീകാരങ്ങളിൽ ഒന്നാണ്.