Santhigiri NewsSpiritual

ശാന്തിഗിരിയില്‍ സന്ന്യാസ ദീക്ഷ ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി

“Manju”

പോത്തന്‍കോട് (തിരുവനന്തപുരം): “സകലവിധ സന്നിധാനങ്ങളും കടന്നുവന്ന ദൈവനിയോഗത്തിന്റെ അനുഭവസിദ്ധാന്തം, യുഗധര്‍മ്മത്തിന്റെ പുണ്യാതിരേകമായി നില്‍ക്കുന്ന ബ്രഹ്മനിശ്ചയം. ശാന്തിഗിരി ആശ്രമ സ്ഥാപക ഗുരു നവജ്യോതി ശ്രീ കരുണാകരഗുരുവിനെ ആരാധിക്കാനും അര്‍പ്പിക്കാനുമുള്ള അവസരം ഈ ഗുരുപരമ്പരയില്‍ക്കൂടി…”

ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് സന്ന്യാസദീക്ഷാ വാര്‍ഷികതോടനുബന്ധിച്ചുള്ള സന്ന്യാസ ദീക്ഷാ ചടങ്ങുകള്‍ പൂര്‍ത്തിയായി. അഖണ്ഡനാമ മന്ത്ര ജപത്താല്‍ ഭക്തിപൂരിതമായ അന്തരീക്ഷത്തില്‍ പ്രാര്‍ത്ഥനാനിര്‍ഭരതയൊടെ സന്ന്യാസി സന്ന്യാസിനിമാരും ബ്രഹ്മചാരികളും മറ്റ് ഗുരുഭക്തരും ഒത്തൊരുമിച്ച് സന്ന്യാസദീക്ഷാ വര്‍ഷികം ശാന്തിഗിരി ആശ്രമത്തില്‍ സമുചിതമായി ആഘോഷിച്ചു. ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രകരുണാകരഗുരു സന്ന്യാസദീക്ഷ നല്‍കിയതിന്റെ വാര്‍ഷികമാണ് ശാന്തിഗിരി ആശ്രമത്തില്‍ ഇന്ന് നടന്നത്.

രാവിലെ 5 മണിയുടെ ആരാധനയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. പ്രാർത്ഥനാമുഖരിതമായ അന്തരീക്ഷത്തിൽ സഹകരണമന്ദിരത്തിൽ രാവിലെ ഒൻപതിന് ദീക്ഷ ചടങ്ങുകൾ ആരംഭിച്ചു. ചടങ്ങില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി ഗുരുഭക്തരോട് സംസാരിച്ചു

ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത പരമ്പരയേയും സന്ന്യാസത്തിലേക്ക് കടക്കുന്നവരേയും സന്ന്യാസത്തിന്റെ മഹത്വവും, പാലിക്കേണ്ട ചിട്ടകളും നിര്‍ദ്ദേശങ്ങളും നല്‍കി സംസാരിച്ചു. തുടര്‍ന്ന് നിയുക്ത 22 ബ്രഹ്മചാരിണിമാര്‍ ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയിൽ നിന്നും ദീക്ഷ സ്വീകരിച്ച് സന്യാസിനിമാരായി. കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ചടങ്ങുകകളില്‍ പങ്കെടുത്ത് ആശംസ അറിയിച്ചു.

ഗുരുകല്പനപ്രകാരം പുതിയ അംഗങ്ങളുടെ ദീക്ഷാനാമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി വിളംബരം ചെയ്തു.

മുപ്പത്തിയൊന്‍പതാമത് സന്ന്യാസദീക്ഷ വാര്‍ഷികദിനമായ ഇന്ന് (ഒക്ടോബര്‍ 24 ചൊവ്വാഴ്ച) ശാന്തിഗിരി ആശ്രമത്തിൽ പുതുതായി സന്ന്യാസം സ്വീകരിക്കുന്ന ഇരുപത്തിരണ്ട് പെണ്‍കുട്ടികള്‍ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസയറിയിച്ചു. ശാന്തിഗിരിയിലെ സന്ന്യാസദീക്ഷ സ്ത്രീശാക്തീകരണത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയാണെന്നും നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ഉന്നതമായ ആദര്‍ശങ്ങളുടെ സാക്ഷ്യപത്രമാണ് ഈ സുപ്രധാന സംഭവമെന്നും പ്രധാനമന്ത്രി സന്ദേശത്തില്‍ പറഞ്ഞു.

ഉച്ചയ്ക്ക്  01.00 മണിക്ക് കടകംപള്ളി സുരേന്ദ്രന്‍ MLA അദ്ധ്യക്ഷത വഹിച്ച  അനുമോദന സമ്മേളനം കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്തു. കേരള ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, പീതാംബരകുറുപ്പ്, അച്ചു ഉമ്മന്‍ തുടങ്ങി  ആത്മീയ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖരും ചടങ്ങുകളിൽ സംബന്ധിച്ചു.  അനുമോദനസമ്മേളനത്തിൽ ആശ്രമത്തിന്റെ ആദ്യകാല വനിതപ്രവർത്തകരെ ആദരിച്ചു.

വിജയദശമി ദിവസമായ ഇന്ന് ശാന്തിഗിരി ആശ്രമത്തില്‍ സന്ന്യാസദീക്ഷയ്ക്കൊപ്പം മുപ്പത് കുരുന്നുകളാണ് ആദ്യാക്ഷരത്തിന്റെ മധുരം നുണഞ്ഞത്.

പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തിയ ഗുരുഭക്തര്‍ ഗുരുതൃപ്പാദങ്ങളില്‍ പുഷ്പസമര്‍പ്പണം ചെയ്തു.

സന്ന്യാസദീക്ഷ വാർഷികത്തോടനുബന്ധിച്ച് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയിൽ നിന്നും സന്യാസദീക്ഷ സ്വീകരിച്ച 22 സന്യാസിനിമാര്‍ ഉള്‍പ്പടെയുള്ള ഗുരുധര്‍മ്മപ്രകാശ സഭ അംഗങ്ങളും ബ്രഹ്മചര്യ സംഘം അംഗങ്ങളും ദീപങ്ങള്‍ കൈയ്യിലേന്തി പ്രാര്‍ത്ഥന സങ്കല്‍പ്പങ്ങളോടെ ആശ്രമസമുച്ഛയത്തില്‍ വലം വച്ച് ഗുരുവിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിച്ചതോടെ ഇന്നത്തെ ആഘോഷ പരിപാടികള്‍ക്ക് പരിസമാപ്തിയായി.

https://www.youtube.com/live/h3xzyJZtSNY?si=7EKBwzhHn6-h02kg

Related Articles

Back to top button