KeralaLatest

രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍

“Manju”

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പുതിയ സംസ്ഥാന അധ്യക്ഷനാവും. രണ്ടാമതുള്ള അബിന്‍ വര്‍ക്കിയേക്കാള്‍ 53,398 വോട്ടുകള്‍ നേടിയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ഷാഫി പറമ്പിലിന്റെ പിന്‍ഗാമിയാവാന്‍ യോഗ്യത നേടുന്നത്. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മൂന്നു വനിതകള്‍ അടക്കം 13 പേര്‍ മത്സരംഗത്ത് ഉണ്ടായിരുന്നെങ്കിലും പ്രധാനമത്സരം രാഹുല്‍ മാങ്കൂട്ടത്തിലും അബിന്‍ വര്‍ക്കിയും തമ്മിലായിരുന്നു.

നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ഇരുവരും. 2,21,986 വോട്ടുകളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ നേടിയത്.1,68,588 വോട്ടുകളാണ് അബിന്‍ വര്‍ക്കി നേടിയത്. 31,930 വോട്ടുകള്‍ നേടിയ അരിത ബാബുവാണ് മൂന്നാമത്. അഭിമുഖത്തിന് ശേഷമായിരിക്കും ഔദ്യോഗികമായി അധ്യക്ഷനെ പ്രഖ്യാപിക്കുക.

നീണ്ട നാളത്തെ നടപടികള്‍ക്കൊടുവിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത്. ഉമ്മന്‍ചാണ്ടിയുടെ മരണത്തേയും പുതുപ്പള്ളി തിരഞ്ഞെടുപ്പിനേയും തുടര്‍ന്ന് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. തിരഞ്ഞെടുപ്പിനെതിരെയുള്ള പരാതി കോടതി കയറിയതും നടപടികള്‍ വൈകാന്‍ കാരണമായിരുന്നു.

നീണ്ട ചര്‍ച്ചകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ഒടുവിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തിലിനെ എ ഗ്രൂപ്പ് സ്ഥാനാര്‍ഥിയാക്കിയത്. ഐ ഗ്രൂപ്പ് നോമിനിയാണ് അബിന്‍ വര്‍ക്കി. അബിന്‍ വര്‍ക്കിക്ക് പിന്തുണ പ്രഖ്യാപിച്ച് കെ.സി. വേണുഗോപല്‍ പക്ഷം സ്ഥാനാര്‍ഥിയെ പിന്‍വലിച്ചിരുന്നു.

Related Articles

Back to top button