KeralaLatest

സാമൂഹിക പ്രസ്ഥാ‍നങ്ങള്‍ കാലികമായ മാറ്റങ്ങളെ ഉള്‍ക്കൊളളണം- സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി

“Manju”

 

കക്കോടി : അനുദിനം മാറിക്കൊണ്ടിരിക്കുന്ന സാമൂഹിക പശ്ചാത്തലത്തില്‍ പ്രസ്ഥാനങ്ങള്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ കാലികമായ മാറ്റങ്ങള്‍ വരുത്തണമെന്ന് ശാന്തിഗിരി ആശ്രമം ജനറല്‍ സെക്രട്ടറി സ്വാ‍മി ഗുരുരത്നം ജ്ഞാന തപസ്വി. കക്കോടിയില്‍ ശാന്തിഗിരി വിശ്വജ്ഞാനമന്ദിരത്തില്‍ പൗർണ്ണമിയോടനുബന്ധിച്ച് നടന്ന സത്സംഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

മനുഷ്യന്റെ പുരോഗതിക്ക് നവീകരണം ആവശ്യമാണ്. ഓരോ ആളെയും മാറ്റങ്ങളിലെത്തിക്കുവാന്‍ ആത്മജ്ഞാനത്തിന്റെ സഹായം കൂടിയേ തീരു. അത് ഉതകി കിട്ടുവാന്‍ കഴിയുന്ന ഇടങ്ങളാണ് ആത്മീയ കേന്ദ്രങ്ങള്‍. നമ്മള്‍ പ്രാര്‍ത്ഥിച്ചാലും ഇല്ലെങ്കിലും നമ്മുടെയൊക്കെ ജീവിതത്തിലെ ഓരോ നിമിഷവും ഒരു പ്രത്യേക നിയോഗത്താലെന്നപോലെ അനവരതം ചലിക്കുന്നുണ്ട്. അത് ചലിപ്പിക്കുന്ന ശകതിയെയാണ് ദൈവം എന്നു പറയുന്നത്.

നന്മകളോട് സമരസപ്പെടാനും തിന്മകളെ വര്‍ജ്ജിക്കുവാനും ഒരാള്‍ക്ക് പ്രാപ്തിയുണ്ടാകണം. ചിന്തയിലും വാക്കിലും പ്രവൃത്തിയിലുമൊക്കെ അനുദിനം മാറ്റങ്ങള്‍ ആവശ്യമാണ്. അതിനെ ഉള്‍ക്കൊളളാനും അതിലൂടെ ജീവിക്കുവാനും കഴിയുന്ന പ്രാപ്തിയാണ് മനുഷ്യന്റെ നന്മയ്ക്ക് ആധാരം. സാമൂഹ്യനിര്‍മ്മിതിയില്‍ സദ്പ്രവര്‍ത്തികള്‍ അത്യന്ത്യാപേക്ഷിതമാകുന്ന കാലഘട്ടമാണിത്. ഇശ്ചാശക്തിയുടെയും നിശ്ചയദാര്‍ഡ്യത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും കരുത്താണ് ഒരാളെ വിജയി ആക്കുന്നത്. വിജയിക്കുന്ന ഓരോ ആളെയും പരാജയത്തിന്റെ ഭയം പിന്തുടരുന്നുണ്ട് .പക്ഷേ സാഹചര്യങ്ങളെ കാര്യശേഷി കൊണ്ട് അതിജീവിക്കുവാന്‍ കഴിയുമ്പോള്‍ അയാള്‍ക്ക് ജീവിതത്തില്‍ മുന്നേറാന്‍ സാധിക്കുമെന്നും സ്വാമി അഭിപ്രായപ്പെട്ടു.

ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ച സത്സംഗത്തില്‍‍ ആശ്രമം അഡ്വൈസറി കമ്മിറ്റി അംഗം എം. രാധാകൃഷ്ണൻ , ആശ്രമം ഉപദേശക സമിതി കമ്മ്യൂണിക്കേഷന്‍സ് വിഭാഗം അഡ്വൈസര്‍ സബീര്‍ തിരുമല, വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം കണ്‍വീനര്‍ പി.എം.ചന്ദ്രൻ, മാതൃമണ്ഡലം കോര്‍ഡിനേറ്റര്‍ പി.ജെ. ജിഷ, ശാന്തിമഹിമ കോര്‍ഡിനേറ്റര്‍ അഭിനന്ദ്, ഗുരുമഹിമ കോര്‍ഡിനേറ്റര്‍ വിനയധന്യ , അസിസ്റ്റന്റ് മാനേജര്‍ ജുബിൻ ബാബു എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ ഏരിയകളില്‍ നിന്നായി നൂറുകണക്കിന് ഗുരുഭക്തര്‍ പൗര്‍ണ്ണമി പ്രാര്‍ത്ഥനയിലും സത്സംഗത്തിലും പങ്കെടുത്തു.

ഫോട്ടോ ക്യാപ്ഷൻ : ശാന്തിഗിരി വിശ്വജ്ഞാന മന്ദിരത്തിൽ നടന്ന പൗ‍‍ര്‍ണ്ണമി പ്രാര്‍ത്ഥനയ്ക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി തിരിതെളിക്കുന്നു.

Related Articles

Back to top button