KeralaLatest

അരുണിന്റെ ആത്മഹത്യക്ക് പിന്നാലെ വട്ടപ്പാറ മിനി അറസ്റ്റിൽ

“Manju”

വട്ടപ്പാറ : ബാങ്കുകളില്‍ നിന്ന് മുദ്രാ ലോണ്‍ ഉള്‍പ്പെടെയുള്ള ലോണുകളെടുക്കാൻ സഹായിക്കാമെന്നു പറഞ്ഞ് കബളിപ്പിച്ച്‌ പണവും സ്വര്‍ണവും തട്ടിയ കേസിലാണ് മിനി അറസ്റ്റിലായത് .

വട്ടപ്പാറ തെക്കുംകോണം രേവതി ഭവനില്‍ മിനിയെയാണ് (43) വട്ടപ്പാറ പൊലീസ് പിടികൂടിയത്. നിരവധി പേരില്‍ നിന്നായി 50 ലക്ഷത്തോളം രൂപയും 45 പവൻ സ്വര്‍ണവും തട്ടിച്ച കേസിലാണ് അറസ്റ്റ്. വിവിധ ബാങ്കുകളില്‍ നിന്ന് ലോണുകള്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞ് വേറ്റിനാട് സ്വദേശികളായ അരുണ്‍ കിരണ്‍,,റസിയ,സുരേഷ് എന്നിവരില്‍ നിന്ന് രണ്ടുലക്ഷം രൂപയും മണ്ണന്തല മുക്കോല സ്വദേശിയായ അഭയകുമാറില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും നാല് ലക്ഷം രൂപയുമാണ് തട്ടിയത്. എട്ടുമാസം മുമ്ബ് വിവാഹിതനായ അരുണ്‍ കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്‌തിരുന്നു. കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറായിരുന്ന അരുണിന് വൻതുക ലോണ്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞാണ് മിനി മുൻകൂട്ടി തുക വാങ്ങിയത്. സഹോദരനില്‍ നിന്നുള്‍പ്പെടെ കടം വാങ്ങിയ തുക യഥാസമയം തിരികെ നല്‍കാൻ കഴിയാത്ത വിഷമത്തില്‍ അരുണ്‍ ജീവനൊടുക്കുകയായിരുന്നു. അര്‍ബുദ രോഗിയായ മകള്‍ ഗുരുതരാവസ്ഥയിലാണെന്നു പറഞ്ഞ് കാച്ചാണി മൈലാടുംപാറ സ്വദേശി അനിതയുടെ കൈയില്‍ നിന്ന് പലതവണയായി 45 പവനും വേങ്കോട് സ്വദേശി മനേക് ഷായുടെ കൈയില്‍ നിന്ന് 17 ലക്ഷം രൂപയും പ്രതി പലപ്പോഴായി കൈപ്പറ്റി. മണ്ണന്തല മുക്കോല സ്വദേശി സാമില്‍ നിന്ന് പ്രതിയുടെ പേരില്‍ വട്ടപ്പാറയിലുള്ള വസ്‌തു വില്പനയ്‌ക്കെന്ന വ്യാജേന 12 ലക്ഷം രൂപയും മിനി തട്ടിയെടുത്തു.

വ്യാജ സ്വയം സഹായ സംഘത്തിന്റെ പേരില്‍ സീല്‍, ലെറ്റര്‍പാഡ്, നോട്ടീസ് എന്നിവ നിര്‍മ്മിച്ച്‌ വൻതുക വായ്പാ വാഗ്ദാനം നല്‍കി ഫീസ് ഈടാക്കിയ കേസില്‍ ഇവരെ നേരത്തെ ഫോര്‍ട്ട് സ്റ്റേഷനില്‍ അറസ്റ്റുചെയ്‌തിട്ടുണ്ടെന്ന് വട്ടപ്പാറ പൊലീസ് അറിയിച്ചു. വട്ടപ്പാറ സി.ഐ ശ്രീജിത്ത്‌, എസ്.ഐ സുനില്‍ ഗോപി, ജി.എസ്.ഐ സുനില്‍കുമാര്‍, സി.പി.ഒമാരായ അരവിന്ദ്, ശിവലക്ഷ്‌മി എന്നിവരടങ്ങുന്ന സംഘം പിടികൂടിയ പ്രതിയെ റിമാൻഡ് ചെയ്‌തു.

Related Articles

Back to top button