KeralaLatest

ആവേശത്തിരയില്‍ അദ്വയ 2k23

“Manju”

 

പോത്തൻകോട് : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിൽ ആരംഭിച്ച കലാമത്സരങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം. നാലു നിറങ്ങളില്‍ നാലു പേരുകളില്‍ ഗ്രൂപ്പ് തിരിഞ്ഞായിരുന്നു മത്സരങ്ങള്‍. ഓരോ ടീമും വാശിയോടെയാണ് മത്സരങ്ങളില്‍ പങ്കെടുത്തതെങ്കിലും സദസ്സിന്റെ പ്രോത്സാഹനം എല്ലാവര്‍ക്കും ഒരുപോലെയായിരുന്നു. വയലറ്റ് നിറമാണ് വിസ്റ്റീരിയ വാരിയേഴ്സ് തെരഞ്ഞെടുത്തത്. നീലകലര്‍ന്നപച്ച സെലഡോണ്‍ ചാമ്പ്യന്‍സിനും കടും പച്ച എമറാള്‍ഡ് ഫൈറ്റേഴ്സിനും നല്‍കി. മഞ്ഞ നിറമായിരുന്നു ലഗുണ ലെജന്‍ഡ്സ് ഹൌസിന്.

ഇന്നത്തെ മത്സര ഇനങ്ങളിൽ ആദ്യത്തേത് ക്ലാസിക്കൽ ഡാൻസായിരുന്നു. ക്ലാസിക്കല്‍ ഡാന്‍സില്‍ ഒന്നാം സ്ഥാനം ലഗുണ ലെജന്‍ഡ്സ് ടീം കരസ്ഥമാക്കി. എമറാള്‍ഡ് ഫൈറ്റേഴ്സിനും സെലഡോണ്‍ ചാമ്പ്യന്‍സിനുമാണ് രണ്ടും മൂന്നും സ്ഥാനങ്ങള്‍. തുടർന്ന് ഉച്ചവരെയുളള സെഷനിൽ ലളിതഗാനം, മോണോആക്ട്, ടാബ്ലോ എന്നിവ അരങ്ങേറി. ലളിതഗാനത്തിലും യുഗ്മഗാനത്തിലും ലഗുണ, വിസ്റ്റീരിയ, സെലഡോണ്‍ എന്നിവര്‍ക്കായിരുന്നു ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍. ടാബ്ലോയില്‍ ലഗുണ, സെലഡോണ്‍, എമറാള്‍ഡ് എന്നിവര്‍ 1,2,3 സ്ഥാനങ്ങള്‍ നേടിയപ്പോള്‍ മോണോആക്ടില്‍ എമറാള്‍ഡ് ഒന്നാം സ്ഥാനത്തെത്തി. ലഗുണയ്ക്ക് രണ്ടും വിസ്റ്റീരിയക്ക് മൂന്നുമാണ് സ്ഥാനം.

ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ആര്‍ട്സ് വിഭാഗത്തില്‍ നടന്ന മത്സരങ്ങള്‍

ഉച്ചയ്ക്ക് ശേഷം ഡബ്സ്മാഷ്, സ്പോട്ട് ഡാന്‍സ്, സിനിമാഗാനം, നാടോടി നൃത്തം, യുഗ്മഗാനം, മിമിക്സ്, പ്രശ്ചന്നവേഷം, സംഘനൃത്തം എന്നിവയും നടന്നു. സദസ്സിനെ കുടുകുടെ ചിരിപ്പിച്ച ഡബ്സ്മാഷില്‍ സെലഡോണ്‍ ചാമ്പ്യന്‍സിനായിരുന്നു ഒന്നാം സ്ഥാനം. വിസ്റ്റീരിയ മികവില്‍ രണ്ടാമതെത്തി. ഒപ്പത്തിനൊപ്പം നിന്ന എമറാള്‍ഡിനും ലഗുണയ്ക്കും മൂന്നാം സ്ഥാനം പങ്കിടേണ്ടി വന്നു. സിനിമാഗാനത്തിലും നാടോടി നൃത്തത്തിലും ലഗുണ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എമറാള്‍ഡ് രണ്ടാമതും വിസ്റ്റീരിയ മൂന്നാമതുമായാണ് നാടോടി നൃത്തത്തിന്റെ മത്സരഫലം.

മുന്‍പ് നടന്ന ഓഫ് സ്റ്റേജ് മത്സരങ്ങളുടെ റിസള്‍ട്ട് കൂടി പരിശോധിച്ചാകും പോയിന്റ് നില പ്രസിദ്ധപ്പെടുത്തുകയെന്ന് ഫൈന്‍ ആര്‍ട്സ് ഹെഡ് ഡോ.വി.എ.മേകല അറിയിച്ചു. കായിക മത്സരങ്ങള്‍ക്ക് കൂടി തുടക്കമാകുന്നതോടെ നാളെ മുതല്‍ അരങ്ങിലെ ആവേശം കളിക്കളത്തിലാകും. നാലുദിവസം നീണ്ടു നില്‍ക്കുന്ന കായികമത്സരങ്ങള്‍ക്കൊടുവില്‍ അത്‌ലറ്റിക്സ് മത്സരങ്ങള്‍ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയം വേദിയാകും.

Related Articles

Back to top button