LatestThiruvananthapuram

തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് 24 ഇന കിറ്റുമായി കേരളം

“Manju”

തിരുവനന്തപുരം: തമിഴ്‌നാട്ടിലെ പ്രളയ ബാധിതര്‍ക്ക് വേണ്ടി കേരളത്തില്‍ നിന്നുള്ള ആദ്യ ലോഡ് ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചതായി ചീഫ് സെക്രട്ടറി ഡോ.വി. വേണു. വെള്ളിയാഴ്ച രാത്രി പോയ ആദ്യലോഡില്‍ 250 കിറ്റുകളാണ് അയച്ചത്. വരുംദിവസങ്ങളില്‍ അഞ്ചിരട്ടി കിറ്റുകളാണ് അയക്കാന്‍ ലക്ഷ്യമിടുന്നതെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ദുരിതാശ്വാസ സഹായങ്ങള്‍ എത്തിക്കാന്‍ കൂടുതല്‍ പേര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരമാണ് തമിഴ്നാട്ടിലെ പ്രളയ ബാധിതര്‍ക്കായി ദുരിതാശ്വാസ സഹായം എത്തിച്ചുനല്‍കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരത്ത് കനകക്കുന്ന് കൊട്ടാരത്തിന് എതിര്‍വശത്തുള്ള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി കാര്യാലയം, തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫീസ് എന്നിവ കളക്ഷന്‍ സെന്ററുകളായി പ്രവര്‍ത്തിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം.ജി രാജമാണിക്യത്തെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നിയോഗിച്ചു. വിദ്യാര്‍ഥികളും യുവാക്കളും അടക്കമുള്ളവരാണ് അവശ്യസാധനങ്ങള്‍ പാക്ക് ചെയ്യുന്നതിന്റെ ഭാഗമായി സ്ഥലത്തെത്തുന്നത്.

ഒരു കുടുംബത്തിന് ഒരു കിറ്റ് എന്ന നിലയില്‍ സഹായം നല്‍കാനാണ് ഉദേശിക്കുന്നത്. അവശ്യ സാധനങ്ങള്‍ ഒരു കിറ്റായും അല്ലാതെയും കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കാം. സഹായം നല്‍കാന്‍ താല്‍പര്യമുള്ളവര്‍ ഒന്നോ രണ്ടോ സാധനങ്ങള്‍ മാത്രമായി കളക്ഷന്‍ സെന്ററുകളില്‍ എത്തിച്ചാലും സ്വീകരിക്കുന്നതാണെന്ന് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍: 89439 09038, 97468 01846.

ആവശ്യമായ സാധനങ്ങള്‍: വെള്ള അരി, തുവര പരിപ്പ്, ഉപ്പ്, പഞ്ചസാര, ഗോതമ്പു പൊടി, റവ, മുളക്‌പൊടി, സാമ്പാര്‍ പൊടി, മഞ്ഞള്‍ പൊടി, രസം പൊടി, ചായപ്പൊടി, ബക്കറ്റ്, കപ്പ്, സോപ്പ്, ടൂത്ത് പേസ്റ്റ്, ടൂത്ത് ബ്രഷ്, ചീപ്പ്, ലുങ്കി, നൈറ്റി, തോര്‍ത്ത്, സൂര്യകാന്തി എണ്ണ, സാനിറ്ററി പാഡ്, ഒരു ലിറ്റര്‍ കുടിവെള്ളം, ഒരു ബെഡ് ഷീറ്റ്.

Related Articles

Back to top button