IndiaLatest

അമൃത് ഭാരത് എക്സ്പ്രസിന്റെ പ്രത്യേകതകളിയാം..

“Manju”

ഇന്ത്യൻ റെയില്‍വേയുടെ ട്രെയിൻ പരമ്പരകളില്‍ ഒരു പുതിയ അധ്യായമായി അമൃത് ഭാരത് എക്സ്പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കൂട്ടിച്ചേര്‍ത്തിരിക്കുകയാണ്. അതിവേഗ യാത്ര വാഗ്ദാനംചെയ്യുന്ന അമൃത് ഭാരത് എക്സ്പ്രസ് വന്ദേ ഭാരതിനോട് കിടപിടിക്കുന്ന സൗകര്യങ്ങളോടെയാണ് ട്രാക്കിലിറങ്ങുന്നത്.

പൂര്‍ണ്ണമായും സാധാരണക്കാരന് എന്ന് അവകാശപ്പെട്ട് കൊണ്ടാണ് ഇന്ത്യൻ റെയില്‍വേ അമൃത് ഭാരത് എക്സ്പ്രസ് എന്ന പേരില്‍ പുതിയ ട്രെയിൻ അവതരിപ്പിച്ചിരിക്കുന്നത്. പുതുവര്‍ഷ സമ്മാനമായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അമൃത് ഭാരത് എക്സ്പ്രസ് രാജ്യത്തിന് സമര്‍പ്പിക്കുന്നത്.
രാമക്ഷേത്ര ഉദ്ഘാടനത്തിന് ഒരുങ്ങിനില്‍ക്കുന്ന ഉത്തര്‍പ്രദേശിലെ അയോധ്യയില്‍ നിന്നാണ് പ്രധാനമന്ത്രി ആദ്യ അമൃത് എക്സ്പ്രസിന് പച്ചക്കൊടി വീശിയിരിക്കുന്നത്. ബിഹാറിലെ ദര്‍ഭംഗയിലേക്കാണ് ആദ്യ ട്രെയിൻ. ബെംഗളൂരുവില്‍ നിന്ന് പശ്ചിമ ബംഗാളിലെ മാല്‍ഡയിലേക്ക് രണ്ടാമത്തെ അമൃത് ഭാരതിനും പ്രധാനമന്ത്രി കൊടിവീശി.
നൂതനമായ പുഷ് പുള്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യൻ റെയില്‍വേയുടെ ഏറ്റവും പുതിയ തീവണ്ടിയായ അമൃത് എക്സ്പ്രസിലെ എല്ലാ സീറ്റുകളിലും ചാര്‍ജിങ് പോയിന്റുകളുണ്ടെന്ന് റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. യാത്രികര്‍ക്കൊപ്പം ലോക്കോ പൈലറ്റുമാര്‍ക്കും സുഖപ്രദമമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. വന്ദേഭാരത് ട്രെയിനുകളിലെ പോലെ ലോക്കോ പൈലറ്റുമാരുടെ കാബിൻ ശീതികരിച്ചതും ആയാസത്തില്‍ ഇരിക്കാവുന്ന സീറ്റുകളും ഉള്‍ക്കൊള്ളുന്നതാണ്. അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ കഴിയുന്നതിനൊപ്പം കുലുക്കമില്ലാതെ യാത്ര ചെയ്യാനാകുമെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്നും റെയില്‍ മന്ത്രി അവകാശപ്പെടുന്നു.
അമൃത് ഭാരത് എക്പ്രസിന്റെ പ്രത്യേകതകള്‍

മറ്റു ട്രെയിനുകളില്‍ നിന്ന് അമൃത് എക്സ്പ്രസിനെ പ്രധാനമായും വ്യത്യസ്തമാക്കുന്നത് ഇതിലുള്ള പുഷ് പുള്‍ ടെക്നോളജിയാണ്. ട്രെയിനിന്റെ മുന്നിലും പിന്നിലും എഞ്ചിനുകള്‍ ഘടിപ്പിച്ച്‌ ഒന്ന് മുന്നോട്ട് വലിക്കുകയും മറ്റൊന്ന് പിന്നില്‍ നിന്ന് തള്ളുകയും ചെയ്യുന്ന സങ്കേതിക വിദ്യയാണ് പുഷ് പുള്‍. ഇത് ട്രെയിനിന് പെട്ടെന്ന് വേഗത കൈവരിക്കുന്നതിനും വളവുകള്‍, പാലങ്ങള്‍, സ്റ്റേഷനുകള്‍ എന്നിവ കൂടുതല്‍ കാര്യക്ഷമമായി നാവിഗേറ്റ് ചെയ്യാനും സഹായിക്കുന്നു.
വണ്ടി നിര്‍ത്തുമ്പോഴും എടുക്കുമ്പോഴും ഉണ്ടാകുന്ന കുലുക്കം അമൃത് ഭാരത് എക്സ്പ്രസിനുണ്ടാകില്ല. കോച്ചുകള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയ തരം കപ്ലറുകളാണ് ഇതിലുപയോഗിച്ചിട്ടുള്ളത്. അതുകൊണ്ട് യാത്ര സുഗമമാകുമെന്നാണ് പറയപ്പെടുന്നത്. മണിക്കൂറില്‍ പരമാവധി 130 കി.മീറ്റര്‍ വേഗതയില്‍ ഓടാനാണ് അമൃത് ഭാരത് എക്സ്പ്രസുകള്‍ക്ക് കഴിയുക.

ടിക്കറ്റ് നിരക്ക് സംബന്ധിച്ച്‌ ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ വന്നിട്ടില്ല. എന്നാല്‍ മെയില്‍ എക്സ്പ്രസ് ട്രെയിനുകളെ അപേക്ഷിച്ച്‌ അമൃത് ഭാരത് എക്സ്പ്രസിന് 17 ശതമാനം വരെ ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് റെയില്‍വേ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. സൂപ്പര്‍ ഫാസ്റ്റ് ട്രെയിനുകളാണ്.

മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് കീഴിലാണ് അമൃത് ഭാരത് എക്സ്പ്രസുകളുടെ നിര്‍മാണം. ചെന്നൈ ഇന്റഗ്രല്‍ കോച്ച്‌ ഫാക്ടറിയിലാണ് ആദ്യ ഓട്ടത്തിനുള്ള അമൃത് ഭാരത് നിര്‍മിച്ചിരിക്കുന്നത്.

ജനറല്‍ കോച്ചുകളിലെ ലഗേജുകള്‍ക്കായുള്ള ബെര്‍ത്തില്‍ വരെ കുഷ്യനുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. എല്ലാ സീറ്റുകളിലും ചാര്‍ജിങ് പോയിന്റുകളുണ്ടാകും. വീല്‍ചെയറുകള്‍ക്ക് കോച്ചിലേക്ക് എളുപ്പത്തില്‍ പ്രവേശിക്കുന്നതിന് പ്രത്യേക റാമ്ബും ട്രെയിനില്‍ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പച്ച കൊടി കാണിച്ച അമൃത് ഭാരത് എക്സ്പ്രസില്‍ 16 സ്ലീപ്പറുകള്‍, 4 അണ്‍ റിസര്‍വ്ഡ്, 2 ഡിസേബിള്‍ഡ് കോച്ചുകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇത് ആഴ്ചയില്‍ രണ്ട് ദിവസം മാത്രമേ ഇത് സര്‍വീസ് നടത്തുന്നുള്ളൂ. ഒരേ സമയം 1834 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം.
സിസിടിവി ക്യാമറകള്‍, ആധുനിക ടോയ്ലറ്റുകള്‍, സെൻസര്‍ വാട്ടര്‍ ടാപ്പുകള്‍, അനൗണ്‍സ്മെന്റ് സംവിധാനം എന്നിവയുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ട്രെയിനുകളില്‍ സജ്ജീകരിച്ചിട്ടുണ്ട്.

Related Articles

Back to top button