IndiaLatest

കര്‍ഷകര്‍ക്ക് കൈത്താങ്ങ് ; അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കാലാവസ്ഥ കേന്ദ്രം

“Manju”

കശ്മീരിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങായി അത്യാധുനിക സൗകര്യങ്ങളോടെ കാലാവസ്ഥകേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. ദക്ഷിണ കശ്മീരിലെ കുല്‍ഗാം ജില്ലയിലെ പോംബൈ ഏരിയയിലെ കൃഷി വിജ്ഞാൻ കേന്ദ്രത്തിലാണ് (കെവികെ) പ്രവര്‍ത്തിക്കുന്നത്.

ഹോളിസ്റ്റിക് അഗ്രികള്‍ച്ചര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ (എച്ച്‌എഡിപി) ഭാഗമായാണ് പുതിയ സൗകര്യമേര്‍പ്പെടുത്തുന്നത്. ഇവിടെ തത്സമയ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകളും മണ്ണ് വിശകലനവും നടത്താൻ കഴിയും. ഹോര്‍ട്ടികള്‍ച്ചറല്‍ രീതികളും നാണ്യവിള കൃഷി രീതികളും മെച്ചപ്പെടുത്തുന്നതിന് ഇത് സഹായിക്കും.

കര്‍ഷക സമൂഹത്തിന് പ്രയോജനപ്രദമാകും വിധത്തിലാണ് കാലാവസ്ഥ കേന്ദ്രം സ്ഥാപിച്ചതെന്ന് കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞനും തലവനുമായ മൻസൂര്‍ അഹമ്മദ് ഗനായ് പറഞ്ഞു. കൃഷിയെ ബാധിക്കുന്ന ഘടകങ്ങളായ കാറ്റിന്റെ ദിശ, വേഗത, താപനില, ഈര്‍പ്പം, മണ്ണിന്റെ താപനിലയും ഈര്‍പ്പവും, സൗരവികിരണത്തിന്റെ തീവ്രത, കീടങ്ങളുടെ ആക്രമണം തുടങ്ങിയവ സംബന്ധിച്ച്‌ ഉള്‍ക്കാഴ്ച നല്‍കാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയുമെന്നും അദ്ദേഹം ഉറപ്പുനല്‍കി. വിളകള്‍ നശിപ്പിക്കുന്ന കീടങ്ങളെ കണ്ടെത്താനും അവയെ കുറിച്ച്‌ കര്‍ഷകര്‍ക്ക് കൃത്യമായ സമയത്ത് തന്നെ മുന്നറിയിപ്പ് നല്‍കാനും അതുവഴി മികച്ച വിള ഉത്പാദിപ്പിക്കാനും കഴിയും.

കൃഷി വിജ്ഞാൻ കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തോട്ടത്തില്‍ മരുന്നുകള്‍ സ്പ്രേ ചെയ്യുന്നതിനെ കുറിച്ചും കീടനാശിനി ഉപയോഗിക്കുമ്പോഴുണ്ടാകുന്ന ദോഷവശങ്ങളെ കുറിച്ചും കര്‍ഷകരെ ബോധവാന്മാരാക്കും. വളങ്ങളും മറ്റ് അജൈവ വസ്തുക്കളും കൃഷിയില്‍ ഉപയോഗിക്കുമ്ബോള്‍ ഉയര്‍ന്ന ചെലവാണ് കര്‍ഷകര്‍ വഹിക്കേണ്ട വരിക. ഇത്തരം സാഹചര്യങ്ങളെ ഇല്ലാതാക്കി മെച്ചപ്പെട്ട കാര്‍ഷിക രീതികള്‍ കര്‍ഷകര്‍ക്ക് പകര്‍ന്നുനല്‍കാൻ കാലാവസ്ഥ കേന്ദ്രത്തിന് കഴിയും. നേരത്തെ സെൻസര്‍ ഘടിപ്പിച്ച ഡ്രോണുകള്‍ പദ്ധതിക്ക് കീഴില്‍ അവതരിപ്പിച്ചിരുന്നു. മരുന്ന് ആവശ്യമുള്ളയിടത്ത് ഡ്രോണ്‍ സ്വയമേ സ്പ്രേ ചെയ്യും വിധമാണ് സംവിധാനം.

Related Articles

Back to top button