IndiaLatest

ആത്മീയചരിത്രമെഴുതാന്‍ ഗുരുവിന്റെ തീര്‍ത്ഥയാത്ര; മഖ്‌വാന കുടുംബത്തിന് ഇന്ന് അനുഗ്രഹീത ദിനം

“Manju”

ചെന്നൈ : ചെന്നൈ വിമാനത്താവളം. സമയം ഉച്ചയ്ക്ക് 1.30 മണി. പീതവസ്ത്രധാരികളായ സന്ന്യാസി സന്ന്യാസിനിമാരുടെയും ശുഭ്രവസ്ത്രധാരികളായ ഗുരുഭക്തരുടെയും അകമ്പടിയോടെ ഇന്‍ഡിഗോ വിമാനത്തില്‍ നിന്നും ഇറങ്ങി വന്ന ഗുരുസ്ഥാനീയ ശിഷ്യപൂജിതയെ കണ്ട് എയര്‍പോര്‍ട്ടിലുണ്ടായിരുന്നവരെല്ലാം കണ്ണിമചിമ്മാതെ നോക്കി നിന്നു. ചിലര്‍ തൊഴുതു വണങ്ങി. മറ്റു ചിലര്‍ ആ തേജസ്സില്‍ സ്തബ്ദരായി. മെല്ലെ നടന്ന് ലോഞ്ചിനടുത്ത് എത്തിയപ്പോഴേക്കും ജനറല്‍ മാനേജര്‍ കെ.കെ. ഷോബിയും കേരള സര്‍ക്കാരിന്റെ പ്രതിനിധി അനു.പി.ചാക്കോയും ഡോ.ജി. ആര്‍. കിരണും ബൊക്കെ നല്‍കി സ്വീകരിച്ചു. അല്‍പ്പനേരം ലോഞ്ചിലെ വിശ്രമത്തിനു ശേഷം ശിഷ്യപൂജിത എയര്‍പോര്‍ട്ടിനു പുറത്തേക്ക്.

പ്രവേശനകവാടത്തില്‍ സ്വാമി മനുചിത്ത് ജ്ഞന തപസ്വിയും ചെന്നെയിലെ ഗുരുഭക്തരും പ്രാര്‍ത്ഥനകളോടെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. ദ്രാവിഡദേശത്തിന്റെ മണ്ണില്‍ ആദ്യമായി ഗുരു എത്തുന്നു. മനസ്സ് നിറഞ്ഞ പ്രാര്‍ത്ഥനകളോടെ ബൊക്കെ സമ്മാനിച്ച് അവര്‍ ഗുരുവിനെ വരവേറ്റു. അഖണ്ഡമന്ത്രാക്ഷര മുഖരിതമായ അന്തരീക്ഷത്തില്‍ നിറപുഞ്ചിരിയോടെ വരവേല്‍പ്പ് ഏറ്റുവാങ്ങി ഗുരുസ്ഥാനീയ അണ്ണാനഗറിലേക്ക് യാത്ര തിരിച്ചു.

തെക്കേ ഇന്ത്യയുടെ പ്രവേശനകവാടം എന്നറിയപ്പെടുന്ന ചെന്നൈ നഗരത്തിലൂടെ ഗുരുവിന്റെ വാഹനവ്യൂഹം മെല്ലെ സഞ്ചരിച്ചു. പാരമ്പര്യവും സംസ്കാരവും ഇഴചേര്‍ന്ന നഗരത്തിലൂടെ ഭാരതത്തിന്റെ ആത്മീയ വെളിച്ചം ഉള്‍ക്കൊണ്ട മഹാഗുരുവിന്റെ പ്രഥമശിഷ്യയുടെ സഞ്ചാരം. ഓരോ തീര്‍ത്ഥയാത്രയും ദൈവനിശ്ചയത്തിന്റെ സാക്ഷാത്കാരമാണ്.

ഗുരുവിന്റെ തൃക്കരങ്ങളാല്‍ തിരി തെളിയിച്ച് ഗൃഹപ്രവേശനം നടത്താന്‍ കാത്തു നിന്ന ജ്യോതി മഖ്‌വാനയുടെ കുടുംബത്തിന് ഇന്നത്തെ ദിവസം അനുഗ്രഹീതദിനമായിരുന്നു. പിളളയാര്‍ കോവില്‍ സ്ട്രീറ്റിലെ മെട്രോ സോണ്‍ ടവേഴ്സില്‍ ഗുരുവിന്റെ വാഹനവ്യൂഹം എത്തിയപ്പോള്‍ ആ കുടുംബാംഗങ്ങളുടെ ഹൃദയത്തില്‍ ആനന്ദതാളം തിരതല്ലി. പ്രാര്‍ത്ഥനകളോടെ ശിരസ്സ് വണങ്ങി ഗുരുവിനെ സ്വീകരിച്ചു. ജീവിതത്തിലെ അസുലഭ നിമിഷങ്ങള്‍. ഗുരുവിനെ അവര്‍ പത്താം നിലയിലെ ഭവനത്തിലേക്ക് ആനയിച്ചു. പൂജാമുറിയില്‍ തിരിതെളിയിച്ചതിനു ശേഷം നേരെ അടുക്കളയിലേക്ക്. ജനനി നിര്‍മ്മല ജ്ഞാന തപസ്വിനിയും ജനനി ഋഷിരത്ന ജ്ഞാന തപസ്വിനിയും പാലുകാച്ചല്‍ ചടങ്ങിനു ഗുരുസ്ഥാനീയക്കൊപ്പം നിന്നു.

മെട്രോസോണ്‍ ടവേഴ്സിലെ നാല്‍പ്പത്തിനാലാം നമ്പര്‍ ഫ്ലാറ്റില്‍ ഗുരുമന്ത്രാക്ഷരങ്ങള്‍ മുഴങ്ങി. സന്ന്യാസിമാര്‍ ആരാധനയും പ്രാര്‍ത്ഥനാസങ്കല്‍പ്പങ്ങളും നടത്തി. കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ഗുരുവിന് ഹാരവും തട്ടവും സമര്‍പ്പിച്ചു. ചടങ്ങുകള്‍ക്ക് ശേഷം ഗുരുസ്ഥാനീയ കുടുംബാംഗങ്ങളോട് സംസാരിച്ചു. നാളെ തങ്ങളുടെ ഫാക്ടറി സന്ദര്‍ശിക്കണമെന്ന് സാഗര്‍ മഖ്‌വാന ഗുരുവിനോട് അഭ്യര്‍ത്ഥിച്ചു. നാളെ സന്ദര്‍ശനമുണ്ടാകും. ഇന്ന് വിശ്രമത്തിന് ശേഷം തീര്‍ത്ഥയാത്ര സംഘം നാളെ ചെയ്യൂര്‍ ആശ്രമത്തിലേക്ക് യാത്രതിരിക്കും. ചരിത്രമാകാന്‍ ചെയ്യൂര്‍ ഒരുങ്ങുകയാണ്..

Related Articles

Back to top button