KeralaLatest

പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു

“Manju”

ത‍ൃശൂര്‍ ജില്ലയില്‍ മഴ ശക്തമായ സാഹചര്യത്തില്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ രണ്ട് സ്ലൂയിസ് വാള്‍വുകള്‍ തുറന്നു.
തിങ്കള്‍ പകല്‍ രണ്ടോടെ ആദ്യ വാല്‍വ്‌ തുറന്നു. നാലോടെ രണ്ടാമത്തെ വാല്‍വും തുറന്നു. 400 ക്യുമെക്‌സ് ജലമാണ്‌ ചാലക്കുടി പുഴയിലേക്ക് ഒഴുക്കുന്നത്‌. തിങ്കളാഴ്‌ച രാവിലെ ഏഴിന്‌ ഡാമിലെ ജലനിരപ്പ് 420.80 മീറ്ററാണ്. നിലവില്‍ ഡാമിന്റെ ഏഴ്‌ സ്പില്‍വേ ഷട്ടറുകളും തുറന്ന് അധികജലം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്.

ജില്ലയില്‍ തിങ്കളാഴ്‌ച യെല്ലോ അലര്‍ട്ടും ചൊവ്വാഴ്‌ച ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടിയായാണ് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍കൂടിയായ കക്ടര്‍ ഹരിത വി കുമാര്‍ രണ്ടുഘട്ടമായി സ്ലൂയിസ് വാള്‍വുകള്‍ തുറക്കാന്‍ ഉത്തരവിട്ടത്‌. ചാലക്കുടി പുഴയിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയരാന്‍ സാധ്യതയുണ്ട്‌.

പൊതുജനങ്ങളും കുട്ടികളും പുഴയില്‍ കുളിക്കുന്നതും ഇറങ്ങുന്നതും വസ്ത്രങ്ങള്‍ കഴുകുന്നതും ഒഴിവാക്കണമെന്ന്‌ കക്ടര്‍ അറിയിച്ചു. പൂമല ജലസംഭരണിയിലെ ജലവിതാനം ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനും സാധ്യത. ഡാമിന്റെ സംഭരണശേഷി 29 അടിയാണ്. നിലവില്‍ ജലനിരപ്പ് 27.6 അടിയായ സാഹചര്യത്തില്‍ രണ്ടാമത്തെ അപകടസൂചന പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് 28 അടിയിലെത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. മലവായ് തോടിന്റെ ഇരുവശത്തുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ ജൂണില്‍ 40 ശതമാനമാണ്‌ മഴക്കുറവ്‌.

709.1 മില്ലിമീറ്റര്‍ മഴ ലഭിക്കേണ്ടിടത്ത്‌ 425.8 മില്ലിമീറ്ററാണ്‌ ലഭിച്ചത്‌. എന്നാല്‍, മൂന്നുദിവസമായി കനത്ത മഴയാണ്‌. ജൂലൈ നാലുവരെയുള്ള കണക്കനുസരിച്ച്‌ കാലവര്‍ഷം 539.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു. ശരാശരി 806 – മില്ലിമീറ്റര്‍ മഴയാണ്‌ ലഭിക്കേണ്ടത്‌. നിലവില്‍ 33 ശതമാനം മഴക്കുറവുണ്ട്‌. സംസ്ഥാനത്ത്‌ 43 ശതമാനമാണ്‌ മഴക്കുറവ്‌.

Related Articles

Back to top button