KeralaLatest

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍

“Manju”

ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 17 മുതല്‍

തിരുവനന്തപുരം : ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്. ഫെബ്രുവരി 17 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. മഹോത്സവത്തിനുള്ള തയാറെടുപ്പുകള്‍ക്കായി മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.

സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി മന്ത്രിയുടെ അധ്യക്ഷതയില്‍ ആറ്റുകാല്‍ ഭഗവതി ക്ഷേത്ര ട്രസ്റ്റ് ഹാളില്‍ അവലോകന യോഗം ചേര്‍ന്നു. പൂര്‍ണമായും ഗ്രീന്‍പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പൊങ്കാല മഹോത്സവം നടത്തുകയെന്ന് മന്ത്രി അറിയിച്ചു. ഉത്സവ മേഖലകളിലെ റോഡുകളുടെയും തെരുവ് വിളക്കുകളുടെയും അറ്റകുറ്റപ്പണികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കും. ഇതിനായി തിരുവനന്തപുരം നഗരസഭയ്ക്കും പൊതുമരാമത്ത് റോഡുകള്‍ വിഭാഗത്തിനും കെഎസ്ഇബിയ്ക്കും മന്ത്രി നിര്‍ദേശം നല്‍കി. മുന്‍ വര്‍ഷങ്ങളിലെപോലെ വിപുലമായ ഒരുക്കങ്ങളാണ് ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്നത്.

പ്രധാന നിര്‍ദേശങ്ങള്‍

  • തെരുവുനായ ശല്യം പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണം
  • മൊബൈല്‍ ടോയ്‌ലെറ്റുകള്‍, വാട്ടര്‍ ടാങ്കുകള്‍ എന്നിവയ്ക്കുള്ള ക്രമീകരണങ്ങള്‍ ഒരുക്കണം
  • ഡ്രെയിനേജുകളും ഓടകളും വൃത്തിയാക്കണം
  • ഭക്ഷ്യസുരക്ഷ വിഭാഗത്തിന്‍റെയും എക്‌സൈസിന്‍റെയും പരിശോധനകള്‍ കര്‍ശനമാക്കണം
  • അടിയന്തരസാഹചര്യം നേരിടുന്നതിന് ദുരന്തനിവാരണവിഭാഗം എല്ലാവിധത്തിലും സജ്ജമായിരിക്കണം

ക്രമീകരണങ്ങള്‍

  • ക്രമസമാധാനം, ഗതാഗത നിയന്ത്രണം, ഭക്തജനങ്ങളുടെ ദര്‍ശനം എന്നിവയ്ക്കായി പോലീസിന്‍റെ രണ്ട് ഘട്ട സുരക്ഷാ സംവിധാനം
  • ആദ്യ ഘട്ടത്തില്‍ ഫെബ്രുവരി 17 മുതല്‍ 23 വരെ, 600 പോലീസുകാരെ വിന്യസിക്കും
  • രണ്ടാംഘട്ടമായി ഫെബ്രുവരി 24 മുതല്‍ 26 വരെ 3000 പോലീസുകാരെ വിന്യസിക്കും
  • കുത്തിയോട്ട വ്രതം ആരംഭിക്കുന്ന ഫെബ്രുവരി 17 മുതല്‍ 24 മണിക്കൂറും ശിശുരോഗ വിദഗ്ധരുടെ സേവനം ക്ഷേത്രത്തില്‍ ഉണ്ടായിരിക്കും
  • ഉത്സവ ദിവസങ്ങളിലുള്ള മെഡിക്കല്‍ സംഘത്തിന് പുറമെ പൊങ്കാല ദിവസം പത്തംഗ മെഡിക്കല്‍ സംഘം ഉണ്ടാകും
  • 108 ആംബുലന്‍സുകളുടെ സേവനവും ആരോഗ്യവകുപ്പ് ക്ഷേത്രപരിസരത്ത് സജ്ജമാക്കും
  • ഉത്സവദിവസങ്ങളില്‍ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തും
  • വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ ജീവനക്കാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നിയോഗിക്കും
  • തട്ടുകടകള്‍ക്ക് ലൈസന്‍സും അന്നദാനം നല്‍കുന്നതിന് മുന്‍കൂര്‍ രജിസ്ട്രേഷനും നിര്‍ബന്ധമായിരിക്കും
  • കടകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്‍റെ പരിശോധനകള്‍ അടുത്തയാഴ്ച മുതല്‍ ആരംഭിക്കും
  • ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് മൊബൈല്‍ ലാബ് സജ്ജമാക്കും
  • ഉച്ചഭാഷിണിയുടെ ഉപയോഗം നിയന്ത്രിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികള്‍ കൈകാര്യം ചെയ്യുന്നതിനുമായി സര്‍വൈലന്‍സ് ടീം പ്രവര്‍ത്തിക്കും
  • ലീഗല്‍ മെട്രോളജി സ്പെഷല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് കടകളില്‍ പരിശോധനകള്‍ നടത്തും
  • അട്ടക്കുളങ്ങരതിരുവല്ലം റോഡിന്റെ ടാറിങ് ഉടന്‍ പൂര്‍ത്തിയാക്കും
  • നാല് സോണുകളായി തിരിഞ്ഞ് അഗ്‌നിരക്ഷാ സേനയുടെ സുരക്ഷാ ക്രമീകരണങ്ങള്‍
  • അഞ്ച് ആംബുലന്‍സുകളുള്‍പ്പെടെ അഗ്‌നിരക്ഷാസേനയുടെ പ്രത്യേക ടീം സേവനം ഉറപ്പാക്കും
  • നൂറ്റന്‍പതോളം ജീവനക്കാരും നൂറോളം സന്നദ്ധ പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും
  • ക്ഷേത്രപരിസരത്ത് എക്സൈസിന്‍റെ കണ്‍ട്രോള്‍ റൂം സജ്ജമായിരിക്കും
  • ഉത്സവത്തിന് ഒരാഴ്ച മുന്‍പ് തന്നെ പോലീസുമായി ചേര്‍ന്ന് ഉത്സവപ്രദേശങ്ങളില്‍ പരിശോധനകള്‍ നടത്തും

 

Related Articles

Back to top button