KeralaLatest

മൂന്നാം തരംഗം അരികെ; അതീവ ജാഗ്രത വേണം സര്‍ക്കാര്‍

“Manju”

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ്‌ മൂന്നാം തരംഗം പ്രതീക്ഷിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കാന്‍ നിര്‍ദേശിച്ച്‌ സര്‍ക്കാര്‍. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭ്യത ഭീഷണിയായില്ലെങ്കിലും മൂന്നാം തരംഗത്തില്‍ അതു പ്രതീക്ഷിച്ചുള്ള മുന്നൊരുക്കങ്ങള്‍ നടത്താനും ഉദ്യോഗസ്‌ഥര്‍ക്ക്‌ ആരോഗ്യ വകുപ്പിന്റെ നിര്‍ദേശം.
ജനസംഖ്യയുടെ പകുതിയോളം പേര്‍ക്ക്‌ രോഗാധ്യത നിലനില്‍ക്കുകയാണെന്നും അതിവ്യാപന ശേഷിയുള്ള ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം കേരളത്തിലുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി വീണാ ജോര്‍ജ്‌ അവലോകനയോഗത്തില്‍ അഭിപ്രായപ്പെട്ടു. വാക്‌സിനേഷന്‍ ഭൂരിഭാഗം പേരിലേക്ക്‌ എത്തുന്നതിനു മുമ്ബ്‌ ഉണ്ടായാല്‍ ഗുരുതരാവസ്‌ഥയും ആശുപത്രി അഡ്‌മിഷനുകളും വളരെ കൂടുതലായിരിക്കും. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക്‌ യുദ്ധകാലാടിസ്‌ഥാനത്തില്‍ പരമാവധി പേര്‍ക്കു നല്‍കാനാണു ശ്രമം. എല്ലാവരിലും വാക്‌സിന്‍ എത്തുന്നതുവരെ മാസ്‌കിലൂടെയും സാമൂഹിക അകലത്തിലൂടെയും സ്വയം പ്രതിരോധം തീര്‍ക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍, സംസ്‌ഥാനത്തിന്റെ പദ്ധതികള്‍, സി.എസ്‌.ആര്‍. ഫണ്ട്‌, സന്നദ്ധ സംഘടനകളുടെ ഫണ്ട്‌ എന്നിവയുപയോഗിച്ചാണ്‌ സംസ്‌ഥാനത്തെ ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനസജ്‌ജമാക്കുന്നത്‌. 33 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകള്‍ ഈ മാസം തന്നെ പ്രവര്‍ത്തനസജ്‌ജമാക്കാന്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്‌ മന്ത്രി നിര്‍ദേശം നല്‍കി. ഇതിലൂടെ 77 മെട്രിക്‌ ടണ്‍ ഓക്‌സിജന്‍ അധികമായി ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും. സംസ്‌ഥാന സര്‍ക്കാര്‍ വിവിധ ഫണ്ട്‌ വിനിയോഗിച്ച്‌ നിര്‍മിക്കുന്ന 38 ഓക്‌സിജന്‍ ജനറേഷന്‍ യൂണിറ്റുകളുടെ നിര്‍മാണ പുരോഗതിയും യോഗം വിലയിരുത്തി.
കോവിഡ്‌ രണ്ടാം പാക്കേജില്‍ ഉള്‍പ്പെടുത്തി സംസ്‌ഥാനത്തെ ശിശുരോഗ ചികിത്സാ മേഖലയുടെ അടിയന്തര വിപുലീകരണം സംബന്ധിച്ചും ചര്‍ച്ച നടത്തി. മെഡിക്കല്‍ സര്‍വീസ്‌ കോര്‍പ്പറേഷന്‍ എം.ഡി. ബാലമുരളി, ആരോഗ്യ വിദ്യാഭ്യാസ ഡയറക്‌ടര്‍ ഡോ. എ. റംലാ ബീവി, ആരോഗ്യ വകുപ്പ്‌ അഡീ. ഡയറക്‌ടര്‍ ഡോ. ബിന്ദു മോഹന്‍, കെ.എം.എസ്‌.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്‌ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Related Articles

Back to top button