IndiaLatest

2036 ഒളിമ്പിക്‌സ് ആതിഥേയത്വത്തിനായുള്ള ശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍

“Manju”

ചെന്നൈ: 2029 യൂത്ത് ഒളിമ്പിക്‌സിനും 2036 ഒളിമ്പിക്‌സിനുമുള്ള ആതിഥേയത്വത്തിനായി കേന്ദ്രം ഉത്സാഹത്തോടെ പ്രവര്‍ത്തിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ ഇന്ത്യയ്ക്ക് വലിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനും അവനേടാനും സാധിക്കുമെന്നും ഈ വര്‍ഷം ഇന്ത്യ കായികരംഗത്ത് പുതിയ റെക്കോഡുകള്‍ സൃഷ്ടിക്കുന്നതിനും രാജ്യത്തിനും ലോകത്തിനും പുതിയ നേട്ടങ്ങള്‍ അടയാളപ്പെടുത്തുന്നതിനും സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ”കഴിഞ്ഞ 10 വര്‍ഷത്തില്‍ കായിക രംഗത്ത് ഒട്ടേറെ മാറ്റങ്ങള്‍ വരുത്തി. ചെറുപ്പക്കാര്‍ കായിക മേഖലയിലേക്ക് വരുന്നത് കാത്തിരിക്കാതെ കായികരംഗത്തെ യുവജനങ്ങളിലേക്കെത്തിക്കുകയാണ് സര്‍ക്കാര്‍.” – പ്രധാനമന്ത്രി പറഞ്ഞു.

2036-ലെ ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറാണെന്ന് മോദി മുംബൈയില്‍ നടന്ന അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി സെഷന്റെ ഉദ്ഘാടന ചടങ്ങിലും വ്യക്തമാക്കിയിരുന്നു. ഇന്ത്യ സന്നദ്ധത അറിയിച്ചതിനു പിന്നാലെ തീരുമാനം മൂന്ന് വര്‍ഷത്തിനുള്ളില്‍ അറിയിക്കുമെന്ന് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും വ്യക്തമാക്കിയിരുന്നു.

ഇന്ത്യയടക്കം നിരവധി രാജ്യങ്ങള്‍ ഒളിമ്പിക്‌സ് വേദിയാകാനുള്ള സന്നദ്ധത ഇതിനകം അറിയിച്ചിട്ടുണ്ട്. 2032 ഒളിമ്പിക്‌സ് വരെയുള്ള വേദികളാണ് ഇതുവരെ പ്രഖ്യാപിച്ചത്. 2024 ഒളിമ്പിക്‌സിന് പാരീസും 2028-ല്‍ ലോസ് ആഞ്ജലിസും വേദിയാകും. 2032 ഒളിമ്പിക്‌സ് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയിനിലാണ് നടക്കുക.

Related Articles

Back to top button