KeralaLatest

കെട്ടിടനിർമാണ ക്ഷേമനിധി: പകുതി ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുപോലും ‌സെസ് പിരിച്ചില്ല: ശിവൻകുട്ടി

“Manju”

തിരുവനന്തപുരം ∙ സംസ്ഥാനത്തെ പകുതി ഫ്ലാറ്റ് സമുച്ചയങ്ങളിൽ നിന്നുപോലും കെട്ടിടനിർമാണ ക്ഷേമനിധി സെസ് പിരിച്ചിട്ടില്ലെന്നു സമ്മതിച്ച് മന്ത്രി വി.ശിവൻകുട്ടി. വീടുകൾക്കു തുടർച്ചയായി നോട്ടിസ് അയച്ചു സെസ് പിരിക്കുമ്പോഴാണ് ആകെ 521 ഫ്ലാറ്റ് സമുച്ചയങ്ങളിൽനിന്നു മാത്രമേ സെസ് പിരിച്ചിട്ടുള്ളൂവെന്നു മന്ത്രി നിയമസഭയിൽ സമ്മതിച്ചത്. പിരിഞ്ഞുകിട്ടിയത് 139.33 കോടി രൂപ മാത്രം. റീജനൽ ലേബർ കമ്മിഷണർമാരുടെ റിപ്പോർട്ട് അനുസരിച്ച് സംസ്ഥാനത്ത് 1089 ഫ്ലാറ്റ് സമുച്ചയങ്ങളുണ്ടന്നു മന്ത്രി പറഞ്ഞു.
10 ലക്ഷത്തിനു താഴെ നിർമാണച്ചെലവുള്ള വീടുകൾക്കു മാത്രമാണു സെസ് അടയ്ക്കുന്നതിൽ നിന്ന് ഇളവുള്ളത്. കഴിഞ്ഞ വർഷം സെസ് ഇനത്തിൽ 370 കോടി രൂപ ലഭിച്ചു. എന്നാൽ പെൻഷനു മാത്രം മാസം 59 കോടി രൂപ വേണം. മറ്റു ചെലവുകൾക്കു 10 കോടിയും. 11 മാസമായി പെൻഷൻ കുടിശികയാണ്. 2023 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ പെൻഷൻ രണ്ടു മാസത്തിനകം വിതരണം ചെയ്യുമെന്നു മന്ത്രി പറഞ്ഞു. തൊഴിൽ വകുപ്പിന്റെ ജോലിഭാരം കണക്കിലെടുത്ത്, സെസ് പിരിവ് തദ്ദേശ വകുപ്പിനെ ഏൽപിക്കാൻ നടപടി തുടങ്ങിയിട്ടുണ്ട്.

കെട്ടിട നിർമാണ ക്ഷേമനിധിയിൽ നിന്നു നാലു തവണയായി സർക്കാരിലേക്കു വായ്പയായി 515 കോടി രൂപ നൽകിയെന്നും ഈ തുക പലിശസഹിതം തിരികെ ലഭിച്ചെന്നും മന്ത്രി പറ‍ഞ്ഞു.

Related Articles

Back to top button