IndiaLatest

മുംബൈ – കോഴിക്കോട് റൂട്ടിൽ സർവീസുമായി എയർ ഇന്ത്യ

“Manju”

മുംബൈ∙ മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് 22 മുതൽ എയർ ഇന്ത്യ എക്സ്പ്രസിന്റെ ഒരു സർവീസ് കൂടി തുടങ്ങുന്നു. രാവിലെ 10.50നാണ് സർവീസ്. തിരിച്ചുള്ള സർവീസ് ഉച്ചയ്ക്ക് 1.30ന് കോഴിക്കോട് നിന്ന് പുറപ്പെടും. മധ്യവേനൽ അവധി ആരംഭിക്കുന്ന മേയ് ആദ്യവാരം നാട്ടിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് പുതിയ സർവീസ് ഉപകരിക്കും. ഇന്നലെ വൈകിട്ടത്തെ നിരക്ക് അനുസരിച്ച് 3000-4000 രൂപയ്ക്ക് ടിക്കറ്റ് ലഭ്യമാണ്. അതേസമയം, കോഴിക്കോട്ടേക്കുള്ള മറ്റ് സർവീസുകളിൽ മേയ് ആദ്യവാരം 7,800-8000 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതേ കാലയളവിൽ കൊച്ചിയിലേക്ക് 7,000-8,000, തിരുവനന്തപുരത്തേക്ക് 5,500, കണ്ണൂർക്ക് 6,300 എന്നിങ്ങനെയാണ് നിരക്ക്.
നാട്ടിൽ നിന്നു മുംബൈയിലേക്ക് ജോലി തേടി വരുന്നവരുടെ എണ്ണം കുറഞ്ഞതും ഈ മാറ്റത്തിന് കാരണമായിട്ടുണ്ടെന്ന് ഫോർട്ടിലെ കോസ്മോസ് ട്രാവൽ ഏജൻസി ഉടമ റെജി ഫിലിപ്പ് ചൂണ്ടിക്കാട്ടി. കുട്ടികൾ ചെറുതായിരുന്നപ്പോഴാണ് പണ്ട് പലരും കുടുംബമായി യാത്ര ചെയ്തിരുന്നത്. ഇപ്പോൾ കുട്ടികൾ വലുതായി തനിച്ചു യാത്ര ചെയ്യുന്ന കാലമെത്തി. അവരുടെ മാതാപിതാക്കൾക്കും തനിച്ച് യാത്ര ചെയ്യുന്ന ശീലമായി. മക്കളുടെ വിദ്യാഭ്യാസ ഘട്ടം കഴിഞ്ഞവർക്ക് നാട്ടിലെ പോകാൻ സ്കൂൾ/കോളജ് അവധിക്കാലത്തിനായി കാത്തിരിക്കേണ്ടി വരുന്നില്ല. നാട്ടിലേക്കുള്ള യാത്രാ സൗകര്യങ്ങൾ മെച്ചപ്പെട്ടതും കൂടെക്കൂടെ യാത്ര ചെയ്യാൻ പ്രചോദനമായി.
കണ്ണൂർ, കാസർകോട് ജില്ലക്കാരാണ് മറ്റു ജില്ലക്കാരെ അപേക്ഷിച്ച് നാട്ടിലേക്ക് അടിക്കടി യാത്ര ചെയ്യുന്നവർ. വ്യാപാരികളോ ഹോട്ടൽ, ട്രാവൽസ് ഉൾപ്പെടെയുള്ള മേഖലകളിലെ ജോലി‌ക്കാരോ ആയ ഇവരിൽ പലരുടെയും കുടുംബം നാട്ടിലായിരിക്കും. ഇക്കാരണത്താൽ ഒഴിവ് കിട്ടുമ്പോഴെല്ലാം ഇവർ നാട്ടിലേക്ക് പുറപ്പെടും.

Related Articles

Back to top button