HealthLatest

കൊളസ്‌ട്രോളിനെ പിടിച്ചുകെട്ടാന്‍ ആയുര്‍വേദക്കൂട്ട്

“Manju”

ഷുഗര്‍, കൊളസ്ട്രോള്‍, ബി.പി. എന്നിവ ഇന്ന് നമ്മുടെ ശരീരത്തില്‍ ആടയാഭരണം പോലെ നമ്മോടൊപ്പം ചേര്‍ത്തിവെച്ചിരിക്കുന്നു. ഇതില്‍ ഷുഗറും കൊളസ്ട്രോളും നിരവധി സങ്കീര്‍ണ്ണതകളാണ് സൃഷ്ടിച്ചുവരുന്നത്.  കൊളസ്ട്രോള്‍ നല്ല കൊളസ്ട്രോള്‍, ചീത്ത കൊളസ്ട്രോള്‍ എന്നൊക്കെ വിളിച്ച് നമ്മള്‍ കൊണ്ടു നടക്കുന്നു.
അതില്‍  ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നത് ആശങ്കാജനകമായ ഒരു വിഷയമായി മാറിയിരിക്കുന്നു. സമയബന്ധിതമായി കൊളസ്‌ട്രോള്‍ നിയന്ത്രിച്ചില്ലെങ്കില്‍ അത് പിന്നീട് മാരകമായ രോഗങ്ങളിലേക്ക് വഴിവച്ചേക്കാം.

കൊളസ്ട്രോളിന് മരുന്നിന്റെ കൂട്ട് വേണ്ട; പ്രമേഹത്തിന് പ്രതിവിധി ഈ ആയുര്‍വേദ പരിഹാരങ്ങള്‍

കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനോ അതിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനോ ആയി വിവിധ നടപടികള്‍ ആളുകള്‍ കൈക്കൊള്ളുന്നു. നിങ്ങളും ഒരു കൊളസ്‌ട്രോള്‍ രോഗിയാണെങ്കില്‍ നിങ്ങള്‍ക്ക് പരിഹാരമായി അശ്വഗന്ധ ഉപയോഗിക്കാം. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉത്തമമായ ആയുര്‍വേദ വഴികളിലൊന്നാണ് അശ്വഗന്ധ. അശ്വഗന്ധ കഴിക്കുന്നത് കൊളസ്‌ട്രോള്‍, എല്‍ഡിഎല്‍, ട്രൈഗ്ലിസറൈഡ് എന്നിവയുടെ അളവ് കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനായി അശ്വഗന്ധ എങ്ങനെ സഹായിക്കുന്നുവെന്നും അത് എങ്ങനെ ഉപയോഗിക്കണമെന്നും നമുക്ക് നോക്കാം.

എന്താണ് കൊളസ്ട്രോള്‍ ?

രക്തത്തിലും ശരീരകലകളിലും കാണുന്ന മെഴുക് അല്ലെങ്കില്‍ കൊഴുപ്പ് പോലെയുള്ള പദാര്‍ഥമാണ് കൊളസ്‌ട്രോള്‍. എന്നിരുന്നാലും കൊളസ്ട്രോള്‍ പൂര്‍ണ്ണമായും മോശമല്ല. ഭക്ഷണത്തിലൂടെയോ സ്വയം ഉത്പാദിപ്പിക്കുന്നതിലൂടെയോ ശരീരത്തില്‍ കൊളസ്ട്രോള്‍ ഉണ്ടാകുന്നു. കോശഭിത്തികളെ ശക്തിപ്പെടുത്തുകയും കുടലില്‍ ദഹനത്തിനായി ബാലെ ആസിഡ് സൃഷ്ടിക്കാന്‍ സഹായിക്കുകയും വിറ്റാമിന്‍ ഡി അല്ലെങ്കില്‍ മറ്റ് ഹോര്‍മോണുകള്‍ നിര്‍മ്മിക്കാനും കൊളസ്ട്രോള്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍ എന്താണ് ചെയ്യുന്നത്?

ശരീരത്തിന് ആവശ്യമായ മൊത്തം കൊളസ്‌ട്രോളിന്റെ 80 ശതമാനവും കരളാണ് ഉല്‍പ്പാദിപ്പിക്കുന്നത്. ബാക്കി 20 ശതമാനം കൊളസ്‌ട്രോള്‍ മാത്രമേ കഴിക്കുന്ന ഭക്ഷണങ്ങളില്‍ നിന്ന് നമ്മുടെ ശരീരത്തിനു ലഭിക്കുന്നുള്ളു. എല്‍.ഡി.എല്‍, എച്ച്‌.ഡി.എല്‍ എന്നിങ്ങനെ ശരീരത്തില്‍ വിവിധ രൂപത്തില്‍ കൊളസ്ട്രോള്‍ ഉണ്ട്. ലോ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ ചീത്ത കൊളസ്‌ട്രോള്‍ എന്നറിയപ്പെടുന്നതാണ് ഒന്ന്. രക്തത്തില്‍ എല്‍.ഡി.എല്ലിന്റെ അളവ് കൂടിയാല്‍ ഇത് രക്തധമനികള്‍ക്കുള്ളില്‍ അടിഞ്ഞുകൂടി ആരോഗ്യപരമായ പല അപകടങ്ങള്‍ക്കും കാരണമാകും. ഹൈ ഡെന്‍സിറ്റി ലിപോ പ്രോട്ടീന്‍ അഥവാ നല്ല കൊളസ്‌ട്രോള്‍ ആണ് മറ്റൊന്ന്. ഈ കൊളസ്‌ട്രോള്‍ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതെ അതിനെ കരളിലെത്തിക്കാന്‍ സഹായിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ അശ്വഗന്ധ

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ നിങ്ങള്‍ക്ക് അശ്വഗന്ധ ഉപയോഗിക്കാവുന്നതാണ്. ഇന്ത്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ് ‘വിത്താനിയ സോംനിഫെറ’ അല്ലെങ്കില്‍ ‘ഇന്ത്യന്‍ വിന്റര്‍ ചെറി’ എന്നറിയപ്പെടുന്ന അശ്വഗന്ധ. പണ്ടുകാലം മുതല്‍ക്കേ ഇന്ത്യന്‍ ആയുര്‍വേദത്തില്‍ പേരുകേട്ട ഒന്നാണിത്. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാനും ലൈംഗിക ഉത്തേജനം വര്‍ദ്ധിപ്പിക്കാനുമായുള്ള അശ്വഗന്ധയുടെ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ്. ഇവയില്‍ ധാരാളമായി അടങ്ങിയ എന്‍സൈമുകളും ഹോര്‍മോണുകളും ശരീരത്തിന് ഗുണം ചെയ്യുന്നു.

അശ്വഗന്ധ എങ്ങനെ ഗുണം ചെയ്യുന്നു
അശ്വഗന്ധ ഒരു പുരാതന ഔഷധ സസ്യമാണ്. വിതാനിയ സോംനിഫെറ എന്നും ഇത് അറിയപ്പെടുന്നു. പരമ്ബരാഗത ആയുര്‍വേദത്തില്‍ നൂറ്റാണ്ടുകളായി ഇത് വിവിധ രോഗങ്ങള്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നു. ഈ സസ്യത്തിന് അഡാപ്‌റ്റോജെനിക് ഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അതായത് സമ്മര്‍ദ്ദവുമായി പൊരുത്തപ്പെടാനും മൊത്തത്തിലുള്ള പ്രതിരോധം മെച്ചപ്പെടുത്താനും ഇത് ശരീരത്തെ സഹായിക്കും. അടുത്തകാലത്ത് നടന്ന പഠനങ്ങളില്‍ അശ്വഗന്ധ സ്വാഭാവികമായും കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. അശ്വഗന്ധയിലെ സജീവ സംയുക്തങ്ങളായ വിത്തനോസൈഡുകള്‍, സ്റ്റിറോയിഡല്‍ ലാക്ടോണുകള്‍ എന്നിവ ഈ ഗുണത്തിന് കാരണമാകുമെന്ന് വിശ്വസിക്കപ്പെടുന്നു.
കൂടാതെ, അശ്വഗന്ധയ്ക്ക് ആന്റി-ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങളുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്, ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാനും സന്ധിവാതം, ആസ്ത്മ തുടങ്ങിയ അവസ്ഥകളുടെ ലക്ഷണങ്ങളെ ലഘൂകരിക്കാനും സഹായിക്കും. ശരീരത്തില്‍ കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് തടയുകയും വീക്കം കുറയ്ക്കുകയും കൊഴുപ്പുകളുടെ തകര്‍ച്ച വര്‍ദ്ധിപ്പിക്കുകയും ചെയ്തുകൊണ്ട് അശ്വഗന്ധ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
അശ്വഗന്ധ കഴിക്കുന്നത് എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ കുറയ്ക്കുകയും പേശികളുടെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുകയും ചെയ്തതായി പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ആന്റിഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്ന ഫ്ളേവനോയ്ഡുകള്‍ അശ്വഗന്ധയില്‍ അടങ്ങിയിരിക്കുന്നു. ഇത് ഓക്സീകരണം മൂലം എല്‍.ഡി.എല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നത് തടയുന്നു.

ഫ്ളേവനോയ്ഡുകള്‍ സഹായിക്കുന്നു

കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയുന്നതിനുമുള്ള ഒരു കൂട്ടാണ് അശ്വഗന്ധ. ധമനികളിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്ന ആല്‍ട്രോസെല്ലോസിസ് സാധ്യത കുറയ്ക്കുന്ന മാക്രോ ന്യൂട്രിയന്റുകളാണ് ഫ്ളേവനോയിഡുകള്‍. ആന്റിഓക്‌സിഡന്റുകളുടെ അഭാവം ധമനികളില്‍ ഫലകത്തിലേക്ക് നയിക്കുന്ന ഫ്രീ റാഡിക്കല്‍ നാശത്തിന് കാരണമാകുന്നു. അശ്വഗന്ധയിലെ ഹൈപ്പോകോളസ്ട്രോളമിക് മൂലകം അവ ഒഴിവാക്കാന്‍ സഹായിക്കുന്നു. അശ്വഗന്ധ ഉപയോഗിക്കാനുള്ള മറ്റൊരു നല്ല കാര്യം ഇതിന് പാര്‍ശ്വഫലങ്ങളില്ല എന്നതാണ്.

മറ്റ് ഗുണങ്ങള്‍

ഔഷധമൂല്യങ്ങളുടെ ഒരു കലവറയാണ് അശ്വഗന്ധ. അതിനാല്‍ തന്നെ പല ആയുര്‍വേദ മരുന്നുകളിലും ഒരു സ്ഥിരം സാന്നിദ്ധ്യമാണ് ഇത്. പ്രമേഹം, അമിതവണ്ണം, മാനസിക ഉത്കണ്ഠ, ലൈംഗിക ശേഷിക്കുറവ് എന്നിവയ്ക്കെല്ലാം പരിഹാരമായി അശ്വഗന്ധ ഉപയോഗിച്ചുവരുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യം ശക്തിപ്പെടുത്തുകയും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ഓര്‍മ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇത് നിങ്ങള്‍ക്ക് പാലില്‍ കലര്‍ത്തിയോ ചൂര്‍ണമായോ ഗുളിക രൂപത്തിലോ കഴിക്കാവുന്നതാണ്. എന്നിരുന്നാലും സ്വയം ചികിത്സയ്ക്ക് മുന്‍പ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം കൂടി തേടുക.

Related Articles

Back to top button