IndiaLatest

ബി എസ് എൻ എല്ലിന് 1,500 കോടിയിലധികം ലാഭം

“Manju”

ന്യൂഡല്‍ഹി :പലിശ-നികുതിയിതര വരുമാനം കണക്കാക്കുമ്പോള്‍ (EBITDA) ഭാരത് സഞ്ചാര് നിഗം ലിമിറ്റഡ് ( ബിഎസ്‌എൻഎല്‍ ) 1,500 കോടി രൂപയിലധികം ലാഭം നേടിയതായി കേന്ദ്ര ടെലികോം, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു .

2022 സാമ്പത്തിക വർഷം മുതല്‍ ബിഎസ്‌എൻഎല്‍ പ്രവർത്തന ലാഭം നേടിത്തുടങ്ങിയതായി കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം നേരത്തെ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ബിഎസ്‌എൻഎല്ലിന്റെ രണ്ട് പുനരുജ്ജീവന പാക്കേജുകളുടെ പിൻബലത്തിലാണ് ഈ ലാഭം നേടിയത്. ഒരു പതിറ്റാണ്ട് മുമ്പ് ബിഎസ്‌എൻഎല്‍ വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും വൈഷ്ണവ് പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ അത് പുനരുജ്ജീവിപ്പിച്ചു. 4ജിക്ക് ഉപയോഗിക്കുന്ന അതേ ഉപകരണങ്ങള്‍ ഉപയോഗിച്ച്‌ 5ജി അവതരിപ്പിക്കാനാണ് ബിഎസ്‌എൻഎല്‍ പദ്ധതിയിടുന്നത്.

4G വയർലെസ് സേവന വിപണിയില്‍ ബിഎസ്‌എൻഎല്‍ വലിയ പങ്ക് പിടിച്ചെടുക്കുമെന്നും 2027 സാമ്ബത്തിക വർഷത്തോടെ ലാഭകരമാകുമെന്നും സർക്കാർ പ്രതീക്ഷിക്കുന്നു. ഇലക്‌ട്രോണിക് കയറ്റുമതി മേഖലയില്‍ ഭാരതം 10 ബില്യണ്‍ ഡോളറിന്റെ നാഴികക്കല്ലിലെത്തിയതായി മന്ത്രി വൈഷ്ണവ് പറഞ്ഞു. വരും വർഷങ്ങളില്‍ ഉല്‍പ്പാദനത്തില്‍ 300 ബില്യണ്‍ ഡോളറും കയറ്റുമതിയില്‍ 100 ബില്യണ്‍ ഡോളറും കൈവരിക്കാനുള്ള ലക്ഷ്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
ET NOW ഗ്ലോബല്‍ ബിസിനസ് സമ്മിറ്റ് 2024-ല്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ്.

Related Articles

Back to top button