KeralaLatest

പത്താം ക്ലാസുകാരിയുടെ ആമാശയത്തില്‍നിന്ന് രണ്ട് കിലോ മുടി നീക്കം ചെയ്തു

“Manju”

കോഴിക്കോട്: പാലക്കാട് സ്വദേശിനിയായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ ആമാശയത്തില്‍നിന്ന് രണ്ടുകിലോയോളം ഭാരമുള്ള മുടിക്കെട്ട് നീക്കംചെയ്തു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് ഈ അത്യപൂർവ ശസ്ത്രക്രിയ നടത്തിയത്. മുടിക്കെട്ടിന് 30 സെന്റീമീറ്റര്‍ നീളവും 15 സെന്റീമീറ്റര്‍ വീതിയുമുണ്ട്. ആമാശയത്തിന്റെ അതേരൂപത്തിലാണ് ഇതുണ്ടായിരുന്നത്.

വിളർച്ചയും ഭക്ഷണം കഴിക്കാനുള്ള വിമുഖതയുമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് സർജറി വിഭാഗം പ്രഫ. ഡോ. വൈ. ഷാജഹാന്‍റെ പക്കല്‍ കുട്ടി എത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തുന്നതുവരെ ഈ രോഗത്തെക്കുറിച്ച്‌ കുട്ടിക്കോ മാതാപിതാക്കള്‍ക്കോ ഒരു വിവരവും ഉണ്ടായിരുന്നില്ല. അതിസങ്കീർണമായ ശസ്ത്രക്രിയയിലൂടെയാണ് മുടി പുറത്തെടുത്തത്.

സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. വൈ. ഷാജഹാന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയില്‍ ഡോ. വൈശാഖ് ചന്ദ്രന്‍, ഡോ. ജെറി ജോര്‍ജ്, ഡോ. ബി. രജിത്ത്, ഡോ. അഞ്ജലി അനില്‍, അനസ്‌തേഷ്യ വിഭാഗത്തിലെ പ്രൊഫസര്‍ ഡോ. മുഹമ്മദ് ബഷീര്‍, അസി. പ്രൊഫ. ഡോ. അബ്ദുള്‍ ലത്തീഫ് തുടങ്ങിയവര്‍ പങ്കെടുത്തു. ശസ്ത്രക്രിയക്കുശേഷം കുട്ടി പൂര്‍ണ ആരോഗ്യവതിയാണെന്ന് ഡോ. ഷാജഹാന്‍ പറഞ്ഞു.

Related Articles

Back to top button