IndiaLatest

അതിര്‍ത്തികളില്‍ തുടര്‍ന്ന് കര്‍ഷകര്‍; ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ച്

“Manju”

ന്യൂഡല്‍ഹി: ‘ദില്ലി ചലോ മാര്‍ച്ച്’ താല്‍ക്കാലികമായി നിര്‍ത്തി വച്ചെങ്കിലും ആവശ്യങ്ങളില്‍ ഉറച്ച് കര്‍ഷകര്‍. ഹരിയാന പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ട യുവ കര്‍ഷകന് നീതിക്കായി ശംഭു, ഖനൗരി അതിര്‍ത്തികളില്‍ കര്‍ഷകര്‍ തുടരുകയാണ്. കര്‍ഷകരുടെ ആവശ്യങ്ങളില്‍ 29 ന് ഉള്ളില്‍ നിലപാട് അറിയിക്കണം എന്നാണ് ആവശ്യം. ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി മാര്‍ച്ച് നടത്താനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഹരിയാന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് ഉടന്‍ കേസെടുക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഖനൗരിയില്‍വച്ച് ശുഭ്കരണ്‍ സിംഗ് കൊല്ലപ്പെട്ടത് വെടിയേറ്റാണെന്ന് കര്‍ഷകസംഘടനകള്‍ ആരോപിക്കുന്നു. ശുഭ്കരണ്‍ സിംഗിന്റെ മൃതദേഹം ഇപ്പോഴും ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി അതിര്‍ത്തികളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തുമെന്നും നേതാക്കള്‍ പറഞ്ഞു.

കര്‍ഷക നേതാക്കളുമായി ചര്‍ച്ചയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചെങ്കിലും കര്‍ഷക സംഘടനാ നേതാക്കള്‍ ചര്‍ച്ചയ്ക്ക് തയ്യാറായിട്ടില്ല. അതിര്‍ത്തികളില്‍ കര്‍ഷകര്‍ തുടരുന്ന പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കി. സമരക്കാര്‍ പ്രകോപനം സൃഷ്ട്ടിക്കരുതെന്ന മുന്നറിയിപ്പ് പൊലീസ് നല്‍കി.

 

Related Articles

Back to top button