KeralaLatest

സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ കോളജ് അധികൃതരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായി; ആരോപണവുമായി മന്ത്രി ജെ ചിഞ്ചുറാണി

“Manju”

പൂക്കോട്: വയനാട് പൂക്കോട വെറ്റിനറി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കോളേജ് അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സിദ്ധാര്‍ത്ഥിന് എന്ത് സംഭവിച്ചു എന്ന് രക്ഷിതാക്കളെ അറിയിച്ചില്ലെന്ന് മന്ത്രി ചിഞ്ചുറാണി കുറ്റപ്പെടുത്തി. ഡീന്‍ ഉള്‍പ്പടെയുള്ളവര്‍ രക്ഷിതാക്കളെ അറിയിക്കേണ്ട ചുമതല നിറവേറ്റിയില്ല. കുടുംബം ആവശ്യപ്പെടുന്ന ഏത് അന്വേഷണവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

സിദ്ധാര്‍ത്ഥിന്റെ മരണം ഒരിക്കലും നടക്കാന്‍ പാടില്ലാത്ത സംഭവമെന്ന് വെറ്ററിനറി സര്‍വകലാശാല പ്രോചാന്‍സലര്‍ കൂടിയായ മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. കേസില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. ആര് തെറ്റ് കാണിച്ചാലും പ്രതിസ്ഥാനത്ത് കൊണ്ടുവരുമെന്നും രാഷ്ട്രീയം നോക്കേണ്ട ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

സംഭവം നടന്നതിന്റെ പിറ്റേന്ന് തന്നെ തങ്ങള്‍ വെറ്റിനറി സര്‍വകലാശാലയോട് റിപ്പോര്‍ട്ട് തേടിയെന്നും അവര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നെന്നും മന്ത്രി ചിഞ്ചുറാണി പറഞ്ഞു. കൂടുതല്‍ ക്രൂരത കാണിക്കുന്ന തരത്തിലേക്ക് ഇന്ന് കുട്ടികള്‍ വരുന്നു എന്നതാണ് വേദനിപ്പിക്കുന്ന കാര്യം. സമൂഹത്തിലും ഉന്നത വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങള്‍ ഉണ്ടാകണം. നല്ലതുപോലെ പഠിക്കുന്ന, മൃഗങ്ങളെ സ്നേഹിക്കുന്ന വിദ്യാര്‍ത്ഥിയായിരുന്നു സിദ്ധാര്‍ത്ഥ്. കേസില്‍ സര്‍ക്കാര്‍ കര്‍ശനമായ അന്വേഷണം ഉറപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button