KeralaLatest

ബി എ ഐ സംസ്ഥാന കണ്‍വെന്‍ഷന് തുടക്കമായി

“Manju”

അങ്കമാലി: കരാറുകാര്‍, എന്‍ജിനിയര്‍മാര്‍, നിര്‍മാണ മേഖലയുമായി ബന്ധപ്പട്ട മറ്റു പ്രൊഫഷണലുകള്‍, കമ്പനികള്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ബി എ ഐ) യുടെ ഏഴാമത് സംസ്ഥാന കണ്‍വെന്‍ഷന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ തുടക്കമായി. വ്യവസായ മന്ത്രി പി രാജീവ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.   ബിഎഐ സംസ്ഥാന ചെയര്‍മാന്‍ ജോളി വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജിബു മാത്യു, അങ്കമാലി സെന്റര്‍ ചെയര്‍മാന്‍ സിജു ജോസ് പാറക്ക, സെന്റര്‍ സെക്രട്ടറി കെപി വിനോദ്, സംഘാടക സമിതി ചെയര്‍മാന്‍ ചാള്‍സ് ജെ തയ്യില്‍, സംഘാടക സമിതി ജോയിന്റ് കണ്‍വീനര്‍ സൈജന്‍ കുര്യാക്കോസ് എന്നിവര്‍ സംസാരിച്ചു.

അങ്കമാലി സെന്റര്‍ സര്‍വീസ് പ്രോജക്ടിന്റെ ഉദ്ഘാടനം സെന്റര്‍ ചെയര്‍മാന്‍ സിജു ജോസ് പാറക്ക ഉദ്ഘാടനം ചെയ്തു. കണ്‍വെന്‍ഷന്റെ ഭാഗമായി എന്‍ജിനിയറിങ് കോളജ് വിദ്യാര്‍ഥികള്‍ക്കായി ചെലവു കുറഞ്ഞ വീടുകള്‍ എന്ന വിഷയത്തില്‍ ഡിസൈന്‍ മല്‍സരവും സംഘടിപ്പിച്ചു. മല്‍സരത്തില്‍ മൂവാറ്റുപുഴ സീഡ് എപിജെ അബ്ദുള്‍ കലാം സ്‌ക്കൂള്‍ ഓഫ് എന്‍വിറോണ്‍മെന്റല്‍ ഡിസൈനിലെ വിദ്യര്‍ഥികളായ നന്ദികേഷ് പി നായര്‍, അന്ന ആന്‍ മാത്യു എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ പ്ലാന്‍ ഒന്നാം സ്ഥാനം നേടി. ഇവര്‍ തയ്യാറാക്കിയ പ്ലാന്‍ പ്രകാരം ഒരു നിര്‍ധന കുടുംബത്തിന് ബിഎഐ അങ്കമാലി സെന്ററിന്റെ നേതൃത്വത്തില്‍ വീട് നിര്‍മിച്ചു കൊടുക്കും.

കരാറുകാര്‍ നേരിടുന്ന സമകാലീന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. പിആര്‍എസ് മുരുകന്‍ മോഡറേറ്ററായി. നിര്‍മാണരംഗത്തെ നൂതന സാങ്കേതിക വിദ്യകളും വെല്ലുവിളികളും എന്ന വിഷയത്തിലും ചര്‍ച്ച നടന്നു. കണ്‍വെന്‍ഷന്റെ ഭാഗമായി നൂതനവും വ്യത്യസ്തവുമായ നിര്‍മാണസാമഗ്രികളും വിവിധ നിര്‍മാണ രീതികളും സാങ്കേതിക വിദ്യകളും സേവനങ്ങളും പരിചയപ്പെടുത്തുന്ന 35 സ്റ്റാളുകളുടെ പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. സംസ്ഥാനത്തെ 18 സെന്ററുകളില്‍ നിന്നായി 600 പ്രതിനിധികളാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.

Related Articles

Back to top button