LatestThiruvananthapuram

കേരളത്തിന്റെ സ്വന്തം ‘സി സ്‌പേസ്’, നാളെ മുതല്‍

“Manju”

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ഒ.ടി.ടി (ഓവർ ദ ടോപ്) പ്ലാറ്റ്‌ഫോമായ ‘സി സ്‌പേസ് നാളെ ആരംഭിക്കും. നാളെ മുതല്‍ ഉപഭോക്താക്കള്‍ക്ക് പ്ലേ സ്റ്റോറും ആപ്പ് സ്റ്റോറും വഴി സി സ്‌പേസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.ഇന്ത്യയില്‍ ആദ്യമായി ഒരു സംസ്ഥാന സർക്കാർ തുടങ്ങുന്ന ഒ.ടി.ടി പ്ലാറ്റ്‌ഫോം ആണിത്. സിനിമയ്‌ക്കൊരിടം എന്ന അർത്ഥത്തിലുള്ള സി സ്പേസ് എന്ന പേരും ലോഗോയും 2022മേയില്‍ റിലീസ് ചെയ്‌തിരുന്നു. കേരള ചലച്ചിത്ര വികസന കോർപ്പറേഷനാണ് (കെ.എസ്.എഫ്.ഡി.സി) നടത്തിപ്പ് ചുമതല.

സി സ്‌പേസിന്റെ ആദ്യ ഘട്ടത്തില്‍ 42 സിനിമകളാണ് ക്യൂറേറ്റർമാർ തിരഞ്ഞെടുത്തതെന്ന് കെ.എസ്.എഫ്.ഡി.സി ചെയർമാനായ സംവിധായകൻ ഷാജി എൻ.കരുണ്‍ പറഞ്ഞു. ഇതില്‍ 35 ഫീച്ചർ ഫിലിമുകളും 6 ഡോക്യുമെന്ററികളും ഒരു ഹ്രസ്വചിത്രവുമാണുള്ളത്. നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘നിഷിദ്ധോ’, ‘ബി 32 മുതല്‍ 44 വരെ’ എന്നീ സിനിമകളുണ്ട്.

ചലച്ചിത്ര പ്രവർത്തകരായ സന്തോഷ് ശിവൻ, ശ്യാമപ്രസാദ്, സണ്ണി ജോസഫ്, ജിയോ ബേബി, എഴുത്തുകാരായ ഒ.വി.ഉഷ, ബെന്യാമിൻ എന്നിവർ ഉള്‍പ്പെടെ 60 അംഗ ക്യൂറേറ്റർ സമിതിയാണുള്ളത്. അന്തർദേശീയ ചലച്ചിത്ര മേളകളില്‍ പ്രദർശിപ്പിച്ചവയും ദേശീയ – സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയതുമായ സിനിമകള്‍ നേരിട്ട് പ്രദർശിപ്പിക്കും.

75 രൂപയ്ക്ക് ഒരു സിനിമ
കാണുന്ന സിനിമയ്ക്ക് മാത്രം പണം നല്‍കിയാല്‍ മതി. 75 രൂപയ്ക്ക് ഒരു ഫീച്ചർ ഫിലിം കാണാം. തുകയുടെ പകുതി നിർമ്മാതാവിനാണ്. സി സ്‌പേസ് വഴി കലാലയങ്ങളിലും പുറത്തുമുള്ള ഫിലിം ക്ലബ്ബുകളെ പ്രോത്സാഹിപ്പിക്കും. സിനിമാ പ്രവർത്തകരുടെ ക്ഷേമത്തിനായി നിശ്ചിത തുക നീക്കിവയ്‌ക്കുന്ന പദ്ധതിയും പരിഗണനയിലുണ്ട്.
നാളെ രാവിലെ 9.30ന് കൈരളി തിയേറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സി സ്പേസ് ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ അദ്ധ്യക്ഷനാകും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ അനില്‍, ആന്റണി രാജു എം.എല്‍.എ, മേയർ ആര്യ രാജേന്ദ്രൻ, കെ.എസ്.എഫ്.ഡി.സി ചെയർമാൻ ഷാജി എൻ കരുണ്‍, എം.ഡി കെ.വി അബ്ദുള്‍ മാലിക്, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ഡയറക്ടർ എൻ. മായ തുടങ്ങിയവർ പങ്കെടുക്കും

Related Articles

Back to top button