KeralaLatest

മുറ്റത്തെത്തും പുത്തന്‍ വീട് ; വില 8 ലക്ഷം മുതല്‍

“Manju”

ലോറിയില്‍ കൂറ്റന്‍പെട്ടിയിലാക്കി നല്ലൊരുവീട് മുന്നിലെത്തും, ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍മതി. ഒന്നോ രണ്ടോദിവസംകൊണ്ട് നമ്മള്‍ പറയുന്നസ്ഥലത്ത് അസംബിള്‍ചെയ്ത് വീട് റെഡിയാക്കിത്തരികയും ചെയ്യും. ആമസോണ്‍, ബോക്‌സബിള്‍ തുടങ്ങിയ കമ്പനികളും ചില ചൈനീസ് കമ്പനികളും ഈ മേഖലയില്‍ സജീവമാണ്. നിലവില്‍ അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ ചിലരാജ്യങ്ങളില്‍ മാത്രമേ ആമസോണ്‍ ഈ സേവനം നല്‍കുന്നുള്ളൂ. വൈകാതെ ഇന്ത്യയിലേക്കും എത്തും.

അലോയ് സ്റ്റീല്‍, പി.വി.സി. പ്ലാസ്റ്റിക്, ഗ്ലാസ് തുടങ്ങിയവസ്തുക്കള്‍ ഉപയോഗിച്ച് പരസ്പരം ഘടിപ്പിച്ച് വികസിപ്പിക്കാവുന്നതാണ് ഇത്തരം വീടുകള്‍. ആവശ്യമെങ്കില്‍ മടക്കിയെടുത്ത് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പൂര്‍വസ്ഥിതിയിലാക്കാം.

വാതിലുകള്‍, ജനലുകള്‍, വൈദ്യുതസര്‍ക്യൂട്ട്, അടുക്കള ഉപകരണങ്ങള്‍, ശൗചാലയ ഉപകരണങ്ങള്‍ എന്നിവയെല്ലാം ഉണ്ടാവും. വലുപ്പത്തിനും സൗകര്യത്തിനുമനുസരിച്ച് എട്ടുലക്ഷം രൂപമുതല്‍ 50 ലക്ഷം രൂപവരെ വിലയുള്ള വീടുകള്‍ ലഭിക്കും. രണ്ട് കിടപ്പുമുറി, ഒരു സ്വീകരണമുറി, അടുക്കള, ശൗചാലയം എന്നിവയുള്ള 19:20 അടിയുള്ള വീടിന് 22 ലക്ഷം രൂപയാണ് ആമസോണ്‍ വിലപറയുന്നത്.

ഭൂപ്രകൃതിക്കനുസരിച്ച് തിരഞ്ഞെടുക്കണമെന്നു മാത്രം. കേരളത്തിലും ബെംഗളൂരുവിലുമെല്ലാം ഇപ്പോള്‍ത്തന്നെ കുറഞ്ഞ ചെലവില്‍ കണ്ടെയ്നര്‍ വീടുകള്‍ പലരും പണിയുന്നുണ്ട്. കപ്പല്‍ കണ്ടെയ്നറുകള്‍ ഒന്നിലധികംചേര്‍ത്താണ് ഇവനിര്‍മിക്കുന്നത്. ഇതിന്റെ മറ്റൊരു പതിപ്പാണ് അലോയ് സ്റ്റീല്‍ ഉപയോഗിച്ചുള്ള ഓണ്‍ലൈന്‍ വീടുകള്‍. നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെങ്കില്‍ ഇത്തരം വീടുകള്‍ക്ക് അനുമതിയും നമ്പറും നല്‍കുന്നതില്‍ പ്രശ്‌നമില്ലെന്ന് ടൗണ്‍ പ്ലാനിങ് അധികൃതര്‍ പറഞ്ഞു.

Related Articles

Back to top button