Uncategorized

നാരായണിയമ്മയെ സിനിമയിലെടുത്തു; 99-ാം വയസില്‍

“Manju”

സിനിമയില്‍ അഭിനയിക്കണമെന്ന് മോഹിക്കാത്തവരില്ല. എന്നാല്‍ 99-ാം വയസ്സില്‍ സിനിമയിലെടുത്തതിന്റെ അമ്പരപ്പിലും കൗതുകത്തിലുമാണ് മേപ്പയില്‍ ഉച്ചന്റവിട നാരായണിയമ്മ. പപ്പന്‍ നരിപ്പറ്റ സംവിധാനം ചെയ്ത ‘വയസ്സെത്രയായി? മുപ്പത്തി…’യിലാണ് നാരായണിയമ്മ പാല്‍ക്കാരിയുടെ വേഷമണിഞ്ഞത്. ചിത്രം 28-ന് റിലീസ് ചെയ്യും.

നിനച്ചിരിക്കാതെയാണ് നാരായണിയമ്മ സിനിമയിലെത്തുന്നത്. മകന്റെ മകന്‍ യു.സി. ഷിജുവാണ് ‘വയസ്സെത്രയായി… ‘യുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാള്‍. അച്ഛമ്മയോട് അഭിനയിക്കാമോ എന്നുചോദിച്ചപ്പോള്‍ അറിയില്ലെന്നായിരുന്നു മറുപടി. അതൊന്നും കാര്യമാക്കേണ്ട പറഞ്ഞുതരുന്നതുപോലെ ചെയ്താല്‍മതിയെന്ന പേരക്കുട്ടിയുടെ നിര്‍ബന്ധത്തിന് ഒടുവില്‍ നാരായണിയമ്മ വഴങ്ങി. എല്ലാവരും പറഞ്ഞുതന്നത് ചെയ്‌തെന്നാണ് ലൊക്കേഷന്‍ അനുഭവത്തെക്കുറിച്ച് ചോദിക്കുമ്പോള്‍ മറുപടി.

വിവാഹപ്രായമായിട്ടും പെണ്ണുകിട്ടാത്ത ചെറുപ്പക്കാരുടെ ജീവിതപ്രശ്‌നം ഹാസ്യത്തിന്റെ മേമ്പൊടിചേര്‍ത്ത് അവതരിപ്പിക്കുന്ന ചിത്രത്തില്‍ പ്രശാന്ത് മുരളിയാണ് നായകന്‍. ഉണ്ണിരാജ അവതരിപ്പിക്കുന്ന മന്ദന്‍ ബാബു എന്ന കഥാപാത്രത്തിന്റെ വിപ്ലവകാരിയായ അമ്മയായാണ് നാരായണിയമ്മയെത്തുന്നത്. വടകരക്കാരായ ഒട്ടേറെപ്പേര്‍ ചിത്രത്തില്‍ വേഷമിടുന്നു.

നാരായണിയമ്മുടെ വിവാഹം പന്ത്രണ്ടാംവയസ്സിലായിരുന്നു. മുക്കാളിയില്‍നിന്ന് ഭര്‍ത്താവ് ചന്തുവിന്റെ മേപ്പയിലെ വീട്ടിലേക്ക് വന്നപ്പോള്‍ വേറൊരിടത്ത് താമസിക്കാന്‍വന്ന തോന്നലായിരുന്നെന്ന് നാരായണിയമ്മ ഓര്‍ക്കുന്നു. അല്ലലൊന്നും കൂടാതെ സ്വന്തംമകളെപ്പോലെ ഭര്‍ത്താവിന്റെ അമ്മയുടെ തണലില്‍ കുടുംബജീവിതം കരുപ്പിടിപ്പിച്ചു. ഭര്‍ത്താവും കുടുംബവും നെയ്ത്തുകാരായിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്ന് നല്ലി ചുറ്റാനും മറ്റും പഠിച്ചു. ഇരുപതാംവയസ്സില്‍ മൂത്തമകന്‍ ജനിച്ചു. പിന്നീട് നാലുമക്കള്‍ക്കൂടിയുണ്ടായി. ഇളയമകന്‍ വത്സനൊപ്പം മേപ്പയിലാണ് ഇപ്പോള്‍ താമസം. മകന്റെ ഭാര്യ സുമയും മക്കളായ ആതിരയും അതുലും കൂടെയുണ്ട്.

സിനിമയില്‍ ആരെയാണ് ഇഷ്ടമെന്നുചോദിച്ചപ്പോള്‍ നാണത്തോടെ മമ്മൂട്ടിയെന്നായിരുന്നു മറുപടി. ശോഭനയെയും ഇഷ്ടമാണ്. മമ്മൂട്ടിയോടൊപ്പം അഭിനയിക്കണമെന്ന ആഗ്രഹവും നാരായണിയമ്മയ്ക്കുണ്ട്. ടി.വി. സീരിയില്‍ കണാത്തൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാനാകില്ല നാരായണിയമ്മയ്ക്ക്. അതുകൊണ്ടുതന്നെ മുത്തശ്ശിയുടെ സിനിമയിലേക്കുള്ള കാല്‍വെപ്പിനെ പ്രതീക്ഷയോടെയാണ് പേരക്കുട്ടികളും കുടുംബവും കാണുന്നത്.
കാര്യമായ ആരോഗ്യപ്രശ്‌നങ്ങളൊന്നും ഈ പ്രായത്തിലും ബുദ്ധിമുട്ടിക്കുന്നില്ല. രാവിലെ വീട്ടിലെ മുറ്റമടിക്കുന്നതും അത്യാവശ്യസാധനങ്ങള്‍ കടയില്‍പ്പോയി വാങ്ങുന്നതും ഒക്കെ അമ്മതന്നെയാണ്. വെറുതേ ഇരിക്കേണ്ടല്ലോ എന്നുകരുതി വീട്ടുകാര്‍ ഇതൊന്നും വിലക്കാറില്ല. മൂന്നാംക്ലാസുവരെമാത്രം പഠിച്ച നാരായണിയമ്മയ്ക്ക് പഠിക്കുന്നവരെയും സ്‌കൂളും എല്ലാം ഇഷ്ടമാണ്. അതുകൊണ്ടുതന്നെ ആദ്യസിനിമയില്‍നിന്ന് ലഭിച്ച പ്രതിഫലം തൊട്ടടുത്ത മേപ്പയില്‍ സ്‌കൂളിന് സംഭാവനയായി നല്‍കി.

ഏറെ അനുഭവസമ്പന്നയായ നടിയെപ്പോലെ ഒറ്റടേക്കില്‍ എല്ലാം ശരിയാക്കുന്ന പ്രതിഭയാണ് നാരായണിയമ്മയെന്ന് ചിത്രത്തിന്റെ സംവിധായകന്‍ പപ്പന്‍ നരിപ്പറ്റ പറയുന്നു.

Related Articles

Check Also
Close
Back to top button