കോവിഡ് കേസുകള്‍ കൂടുന്നു

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 800 ലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 4 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ 841 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ തേടിയത്. ഇതോടെ സജീവ കേസുകളുടെ എണ്ണം 5,389 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ഇതുവരെ 4.46 കോടി കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഝാര്‍ഖണ്ഡിലെയും മഹാരാഷ്ട്രയിലെയും രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതുകൂടാതെ കേരളത്തില്‍ നേരത്തെയുണ്ടായ രണ്ട് മരണങ്ങളും കോവിഡ്-19 മൂലമാണെന്ന് കണ്ടെത്തിയിരുന്നു. കേരളം, മഹാരാഷ്ട്ര, കര്‍ണാടക, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഒരു ദിവസം ശരാശരി ഉണ്ടാകുന്ന പുതിയ കോവിഡ് കേസുകള്‍ ഫെബ്രുവരിയേക്കാള്‍ ആറ് മടങ്ങ് വര്‍ധിച്ചിരിക്കുകയാണ്. ഫെബ്രുവരി 18 വരെ പ്രതിദിന കോവിഡ് -19 കേസുകളുടെ ശരാശരി എണ്ണം 112 ആയിരുന്നെങ്കില്‍ മാര്‍ച്ച് 18 വരെയുള്ള കണക്കുകള്‍ പ്രകാരം 626 ആണ്.