KeralaLatest

പോലീസ് നായ ‘കല്യാണി’യുടെ മരണത്തില്‍ ദുരൂഹത നീക്കി; മരണകാരണം വ്യക്തമാക്കി കെമിക്കല്‍ റിപ്പോര്‍ട്ട്

“Manju”

തിരുവനന്തപുരം: പൊലീസ് നായ കല്യാണിയുടെ മരണത്തില്‍ ദുരൂഹത നീക്കി കെമിക്കല്‍ റിപ്പോര്‍ട്ട്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നിട്ടല്ലെന്നാണ് കെമിക്കല്‍ റിപ്പോര്‍ട്ട് പറയുന്നത്. മരണ കാരണം സെപ്റ്റിക് ഹെമറേജെന്ന് റിപ്പോര്‍ട്ട്. പോസ്റ്റുമോര്‍ട്ടത്തിലാണ് വിഷം ഉള്ളില്‍ ചെന്നതായി ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്. ആഹാരം ദഹിക്കാത്തതിനാലുള്ള ദുര്‍ഗന്ധമാണെന്നാണ് നിഗമനം. ദുരൂഹത നീങ്ങിയതോടെ മൂന്ന് പൊലീസുകാര്‍ക്കെതിരെ നേരത്തെ ശുപാര്‍ശ ചെയ്ത വകുപ്പ് തല നടപടി പിന്‍വലിച്ചേക്കും. പൂന്തുറ ഡോഗ് സ്‌ക്വാഡിലെ എസ്.ഐ ഉണ്ണിത്താന്‍, പരിശീലകരായ രഞ്ജിത്ത്, ശ്യാം എന്നിവര്‍ക്കെതിരെയാണ് അച്ചടക്കനടപടിക്ക് ശുപാര്‍ശ ചെയ്തിരുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസിന്റെ ഡോഗ് സ്‌ക്വാഡ് അംഗമായിരുന്നു കല്യാണി. കഴിഞ്ഞ വര്‍ഷം നവംബര്‍ 20 നാണ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള കല്യാണി ചത്തത്. നായയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് ദുരൂഹതകള്‍ വഴി തുറക്കുന്നത്. കല്ല്യാണിയുടെ ആന്തരിക അവയവങ്ങളില്‍ കണ്ടെത്തിയ വിഷാംശമാണ് സംശയത്തിലേക്ക് വിരല്‍ ചൂണ്ടിയത്. പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ റിപ്പോര്‍ട്ട് ചെയ്തതനുസരിച്ചാണ് നായയുടെ ആന്തരിക അവയവങ്ങള്‍ വിശദമായ രാസ പരിശോധനയ്ക്ക് അയച്ചത്. നായ ചത്തത് വിഷം ഉള്ളില്‍ ചെന്നിട്ടല്ലെന്നാണാണ് ഇപ്പോള്‍ പുറത്ത് വന്ന കെമിക്കല്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡോഗ് സ്‌ക്വാഡ് എസ് ഐ ഉണ്ണിത്താന്‍, പട്ടിയെ പരിശീലിപ്പിച്ച രണ്ട് പൊലീസുകാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി എടുത്തിരുന്നു. ദുരൂഹത നീങ്ങിയതോടെ ഇവര്‍ക്കെതിരെയുള്ള നടപടി പിന്‍വലിച്ചേക്കും. സംസ്ഥാന പൊലീസ് മേധാവിയുടെ എക്‌സലെന്‍സ് പുരസ്‌ക്കാരം അടക്കം നിരവധി ബഹുമതികള്‍ കല്ല്യാണി നേടിയിട്ടുണ്ട്. സേനയിലെ ഏറ്റവും മിടുക്കിയെന്ന പരിവേഷമുള്ള നായക്ക് പൊലീസിനകത്തും പുറത്തും നിരവധി ആരാധകരുണ്ടായിരുന്നു.

Related Articles

Back to top button