InternationalLatest

ലോകത്തില്‍ ഏറ്റവും സന്തോഷവാൻമാര്‍ ഫിന്‍ലാന്റില്‍

“Manju”

Finland Is the Safest Travel Destination in the World Right Now |  Architectural Digest

ജനീവ: ലോക സന്തോഷ സൂചികയില്‍ വീണ്ടും ഒന്നാമതെത്തി ഫിൻലാൻഡ്. തുടർച്ചയായി ഏഴാം വർഷമാണ് അവർ ഈ നേട്ടം സ്വന്തമാക്കുന്നത്. ബുധനാഴ്‌ച പ്രസിദ്ധീകരിച്ച യുഎൻ വാർഷിക വേള്‍ഡ് ഹാപ്പിനസ് റിപ്പോർട്ടിലാണ് ഫിൻലൻഡിനെ വീണ്ടും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി പ്രഖ്യാപിച്ചത്. സ്വീഡൻ, നോർവേ, റഷ്യ എന്നിവയുമായി അതിർത്തി പങ്കിടുന്ന വടക്കൻ യൂറോപ്പിലെ രാജ്യമാണ് ഫിൻലാൻഡ്.

എന്നാല്‍ സന്തോഷ സൂചികയില്‍ കഴിഞ്ഞ വർഷത്തെപ്പോലെ 126-ാം സ്ഥാനത്ത് തന്നെയാണ് ഇന്ത്യ ഉള്ളത്. ഡെൻമാർക്ക്, ഐസ്‌ലാൻഡ്, സ്വീഡൻ എന്നീ രാജ്യങ്ങള്‍ ഫിൻലാൻഡിന്റെ പിന്നിലായി. നോർഡിക് രാജ്യങ്ങള്‍ തന്നെയാണ് ഏറ്റവും സന്തോഷകരമായ 10 രാജ്യങ്ങളില്‍ കൂടുതല്‍ ഇടംപിടിച്ചവ. 2020-ല്‍ താലിബാൻ നിയന്ത്രണംഏറ്റെടുത്ത ശേഷം പ്രതിസന്ധിയിലായ അഫ്‌ഗാനിസ്ഥാൻ, സർവേയില്‍ പങ്കെടുത്ത 143 രാജ്യങ്ങളില്‍ ഏറ്റവും പിന്നിലായി.

ഈ പട്ടിക പുറത്തുവിടാൻ തുടങ്ങി ഒരു പതിറ്റാണ്ടിന് ശേഷം ആദ്യമായി അമേരിക്കയും ജർമ്മനിയും ആദ്യ ഇരുപതില്‍ നിന്ന് പുറത്തായതാണ് ഈ വർഷത്തെ ഏറ്റവും വലിയ മാറ്റങ്ങളില്‍ ഒന്ന്. യഥാക്രമം 23-ഉം 24-ഉം സ്ഥാനങ്ങളിലാണ് ഈ രാജ്യങ്ങളുള്ളത്.

ഇതിന് പകരമായി കോസ്‌റ്റാറിക്കയും കുവൈത്തും 12, 13 സ്ഥാനങ്ങളിലെത്തി ആദ്യ 20ല്‍ പ്രവേശിച്ചു. ഏറ്റവും സന്തോഷമുള്ളവയുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ലോകത്തിലെ ഏറ്റവും വലിയ രാജ്യങ്ങളൊന്നും തന്നെ ഇടം നേടിയിട്ടില്ല എന്നതാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നത്.

ശ്രദ്ധേയമായ വസ്‌തുത എന്തെന്നാല്‍ പട്ടികയിലെ ആദ്യ 10 രാജ്യങ്ങളില്‍ നെതർലൻഡ്‌സിലും ഓസ്‌ട്രേലിയയിലും മാത്രമേ 15 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. മികച്ച 20 രാജ്യങ്ങളില്‍ ആവട്ടെ കാനഡയിലും യുകെയിലും മാത്രമേ 30 ദശലക്ഷത്തിലധികം ജനസംഖ്യയുള്ളൂ. അതായത് സന്തോഷ സൂചികയില്‍ മുന്നില്‍ ഉള്ളവയെല്ലാം താരതമ്യേന ജനസംഖ്യ കുറഞ്ഞവയാണ്.

2006-10ന് ശേഷമുള്ള സന്തോഷ സൂചികയിലെ കുത്തനെയുള്ള ഇടിവ് ഏറ്റവുമധികം രേഖപ്പെടുത്തിയത് അഫ്‌ഗാനിസ്ഥാൻ, ലെബനൻ, ജോർദാൻ എന്നിവിടങ്ങളിലാണ്. കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളായ സെർബിയ, ബള്‍ഗേറിയ, ലാത്വിയ എന്നിവിടങ്ങളില്‍ ഈ കാലയളവില്‍ ഏറ്റവും വലിയ വർദ്ധനവും രേഖപ്പെടുത്തി.

വ്യക്തികളുടെ ജീവിത സംതൃപ്‌തി, പ്രതിശീർഷ ജിഡിപി, സാമൂഹിക പിന്തുണ, ആരോഗ്യകരമായ ആയുർദൈർഘ്യം, വ്യക്തിസ്വാതന്ത്ര്യം, അഴിമതി എന്നിവയെക്കുറിച്ചുള്ള വ്യക്തികളുടെ സ്വയം വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയാണ് സന്തോഷ സൂചിക തയ്യാറാക്കുന്നത്. ഈ ഘടകങ്ങളെല്ലാം ഒത്തുവന്നാല്‍ മാത്രമേ പട്ടികയില്‍ മുന്നിലെത്താൻ കഴിയൂ.

Related Articles

Back to top button