LatestThiruvananthapuram

സ്വിഫ്റ്റ് ബസുകൾക്ക് കർട്ടൻ പരിഗണനയിൽ

“Manju”

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾക്ക് വശങ്ങളിൽ കർട്ടൻ പരിഗണനയിൽ. അസഹ്യമായ ചൂടിനെക്കുറിച്ച് യാത്രക്കാർ പരാതിപ്പെട്ട പശ്ചാത്തലത്തിലാണ് നടപടി. ഷട്ടറിനുപകരം സ്വിഫ്റ്റ് ബസുകളിൽ മുന്നിലേക്കും പിന്നിലേക്കും നീക്കാവുന്ന ചില്ലുകളാണുള്ളത്. പകൽസമയത്ത് ഇവയിലൂടെ ശക്തമായ വെയിലാണ് ബസിനുള്ളിലേക്ക് വീഴുന്നത്. ഇതുകാരണം സ്വിഫ്റ്റ് ബസുകളിൽ യാത്രചെയ്യാൻ പലരും വിമുഖത കാട്ടിയ സാഹചര്യത്തിലാണ് നടപടി.

ഒരു ബസിൽ പരീക്ഷണാടിസ്ഥാനത്തിൽ കർട്ടൻ ഇട്ടിട്ടുണ്ട്. ഇത് വ്യാപകമാക്കിയേക്കും. ബസ് ബോഡി കോഡിൽ കേന്ദ്രസർക്കാർ വരുത്തിയ മാറ്റമാണ് കെ.എസ്.ആർ.ടി.സി.ക്ക് വിനയായത്. പെട്ടെന്ന് തീപടരാൻ സാധ്യതയുള്ള സാമഗ്രികൾ ബസ് നിർമാണത്തിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. പഴയരീതിയിലെ ഷട്ടറുകൾ ഇപ്പോൾ ഉപയോഗിക്കാനാകില്ല. പകരം ഗ്ലാസുകളാണ് നിർബന്ധമാക്കിയിട്ടുള്ളത്.
വാഹനങ്ങളുടെ ചില്ലുകളിൽ കൂളിങ് പേപ്പർ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്. സ്വകാര്യ ഓപ്പറേറ്റർമാർ കർട്ടൻ ഉപയോഗിക്കാറുണ്ട്. ചിലർ നിർമാണവേളയിൽ പ്രകാശം 50 ശതമാനം തടയാൻ കഴിയുന്ന ടിന്റഡ് ഗ്ലാസുകൾ ഉപയോഗിക്കാറുണ്ട്. ചെലവേറുമെന്നതിനാൽ കെ.എസ്.ആർ.ടി.സി. ഇതേക്കുറിച്ച് ചിന്തിച്ചിരുന്നില്ല. കർട്ടനിലൂടെ വെയിൽപ്രശ്നത്തിന് പരിഹാരം കാണാനാകുമെന്നാണ് പ്രതീക്ഷ.

Related Articles

Back to top button