IndiaLatest

ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഇനി മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം; കേന്ദ്രം

“Manju”

ന്യൂഡല്‍ഹി: കുട്ടികളുടെ ജനനം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശവുമായി കേന്ദ്രം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ മാതൃകാ ചട്ടങ്ങളിലാണ് പിതാവിന്റെയും മാതാവിന്റെയും മതം പ്രത്യേകം രേഖപ്പെടുത്തണമെന്ന നിര്‍ദേശമുള്ളത്. അതേസമയം നിയമം പ്രാബല്യത്തില്‍ വരുന്നതിന് സംസ്ഥാന സര്‍ക്കാരിന്റെ അറിയിപ്പും അംഗീകാരവും ആവശ്യമാണ്.

നേരത്തെ കുടുംബത്തിന്റെ മതം മാത്രമായിരുന്നു ജനനം രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നത്. ജനന സര്‍ട്ടിഫിക്കറ്റില്‍ കുട്ടിയുടെ മതം രേഖപ്പെടുത്തേണ്ട കോളം പിതാവിന്റെ മതം, മാതാവിന്റെ മതം എന്നിവ രേഖപ്പെടുത്തുന്നതിന് ആവശ്യമായ രീതിയില്‍ വിപുലീകരിക്കുകയും ചെയ്യും. ദത്തെടുക്കുന്ന കുട്ടിയുടെ സര്‍ട്ടിഫിക്കറ്റിലും സമാന മാറ്റങ്ങള്‍ വരുത്തും.

ഓഗസ്റ്റ് 11ന് പാര്‍ലമെന്റ് പാസാക്കിയ ഭേദഗതി ചെയ്ത ജനന മരണ രജിസ്ട്രേഷന്‍ നിയമം, 2023 പ്രകാരം ജനന മരണ കണക്കുകള്‍ ദേശീയ തലത്തിലായിരിക്കും കണക്കാക്കുക. ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍പിആര്‍), ഇലക്ട്രറല്‍ റോള്‍സ്, ആധാര്‍ നമ്പര്‍, റേഷന്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, സ്വത്ത് രജിസ്ട്രേഷന്‍ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യാനും ഇത് ഉപയോഗിക്കും.

ഒക്ടോബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന നിയമം പ്രകാരം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ ജനനവും മരണവും കേന്ദ്രത്തിന്റ സിവില്‍ രജിസ്ട്രേഷന്‍ സിസ്റ്റത്തില്‍ ഡിജിറ്റലായി രജിസ്റ്റര്‍ ചെയ്യണം. ഈ സംവിധാനത്തിലൂടെ നല്‍കുന്ന ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള പ്രവേശനമുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ക്കായി ഒരൊറ്റ രേഖയായി ഉപയോഗിക്കാം.

Related Articles

Back to top button