HealthLatest

നിശബ്ദ കൊലയാളി ഫാറ്റി ലിവര്‍: ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍; ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത്

“Manju”

പൊതുജനങ്ങളില്‍ കരള്‍ രോഗത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് എല്ലാ വര്‍ഷവും ഏപ്രില്‍ 19 ലോക കരള്‍ ദിനം ആചരിക്കുന്നത്. ‘ജാഗ്രത പാലിക്കുക, പതിവായി കരള്‍ പരിശോധന നടത്തുക, ഫാറ്റി ലിവര്‍ രോഗങ്ങള്‍ തടയുക’ എന്നതാണ് ഈ വര്‍ഷത്തെ ലോക കരള്‍ ദിന സന്ദേശം.

ഫാറ്റി ലിവര്‍ പോലുള്ള അസുഖങ്ങളില്‍ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാവണമെന്നില്ല. കണ്ണുകളിലെ മഞ്ഞ നിറം, കാലിലെയും വയറ്റിലെയും നീര്, മലത്തിലോ ഛര്‍ദ്ദിയിലോ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം, അബോധാവസ്ഥ, വിശപ്പില്ലായ്മ, ഭാരക്കുറവ്, വയറുവേദനയും വീക്കവും മുതലായവ കരള്‍ രോഗത്തിന്റെ ലക്ഷണങ്ങളാവാം.

അകാരണമായ ക്ഷീണം

സ്ഥായിയായ ക്ഷീണവും തളര്‍ച്ചയും കരള്‍ രോഗത്തിന്റെ ലക്ഷണമാകാം. എനെര്‍ജി മെറ്റബോളിസത്തില്‍ പ്രധാനപങ്ക് വഹിക്കുന്നത് കരളാണ്.

വയറിനുചുറ്റും കൊഴുപ്പടിയല്‍

വയറിനുചുറ്റും കൊഴുപ്പടിയുന്നത് കരള്‍രോഗത്തിന്റെ ലക്ഷണമാണ്. വിസറല്‍ ഫാറ്റ് എന്നറിയപ്പെടുന്ന ഈ കൊഴുപ്പ് ഫാറ്റി ലിവറുമായി ബന്ധപ്പെട്ടിരിക്കുന്നു.

അസിഡിറ്റിയും നെഞ്ചെരിച്ചിലും

മഞ്ഞപ്പിത്തം, വയറുവേദന, തടിപ്പ് എന്നിവയ്ക്കൊപ്പം അസിഡിറ്റിയും നെഞ്ചെരിച്ചിലുമുണ്ടെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കണം. കരളിന്റെ പ്രവര്‍ത്തനം തകരാറിലാകുമ്പോള്‍ ദഹനത്തെ ബാധിക്കുകയും ഇത് അസിഡിറ്റിയും നെഞ്ചെരിച്ചിലും സൃഷ്ടിക്കുകയും ചെയ്യും.

തടിപ്പ്

വയര്‍, കാലുകള്‍, കണങ്കാല്‍ എന്നിവിടങ്ങളിലുണ്ടാകുന്ന തടിപ്പ് കരള്‍ ശരിയായി പ്രവര്‍ത്തിക്കാത്തതിന്റെ ഫലമായി ഫ്ലൂയിഡ് അടിഞ്ഞുകൂടി ഉണ്ടാകുന്നതാണ്.

ചര്‍മത്തിലെ ചൊറിച്ചില്‍

ചര്‍മത്തില്‍ സ്ഥിരമായുണ്ടാകുന്ന ചൊറിച്ചില്‍ കരളിന്റെ പ്രവര്‍ത്തനം തകരാറിലാണെന്നതിന്റെ സൂചനയാണ്. രക്തത്തില്‍ പിത്തരസം അടിഞ്ഞുകൂടുന്നതിന്റെ ഫലമാണ് ചര്‍മത്തിലുണ്ടാകുന്ന ചൊറിച്ചില്‍. കൈകളിലും കാല്‍പാദത്തിലുമാണ് ഇവ കൂടുതലും അനുഭവപ്പെടുക.

ഉദരത്തിലെ വേദന

വയറിനു മുകളില്‍ വലതുവശത്തായുണ്ടാകുന്ന വേദന കരള്‍ തകരാറിലാണെന്നതിന്റെ സൂചനയാണ്. ചെറിയ രീതിയില്‍ ആരംഭിച്ച് സ്ഥിരമായുള്ള അസഹനീയ വേദനയിലേക്ക് ഇത് മാറും.

മഞ്ഞപ്പിത്തം

ചര്‍മം, കണ്ണുകള്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മഞ്ഞനിറം കരള്‍ തകരാറിലാണെന്നതിന്റെ സൂചനയാണ്. ബിലിറുബിന്‍ ഫലപ്രദമായി പ്രോസസ് ചെയ്യാന്‍ സാധിക്കാതെ വരുമ്പോള്‍ ഇവ ശരീരത്തില്‍ അടിഞ്ഞുകൂടുകയും മഞ്ഞനിറം പ്രത്യക്ഷമാകുകയും ചെയ്യും. എത്രയും പെട്ടെന്ന് ചികിത്സ തേടേണ്ട അവസ്ഥയാണിത്.

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ 500 ഗ്രാം

തവിടോടുകൂടിയ ധാന്യങ്ങള്‍


പയര്‍, പരിപ്പുവര്‍ഗ്ഗങ്ങള്‍

ചെറിയ മത്സ്യം, (മത്തി, കൊഴുവ) മുട്ടവെള്ള 80-100 ഗ്രാം

ബദാം, പിസ്ത, വാല്‍നട്ട്

പാല്‍, തൈര്, കൊഴുപ്പ് നീക്കിയ മറ്റ് പാല്‍ ഉല്‍പ്പന്നങ്ങള്‍ 250 മി. ലി. വരെ

ഒഴിവാക്കേണ്ടവ

മദ്യം

ചുവന്ന മാംസം

(പോത്ത്, പന്നി, ആട്) അവയവ മാംസം (കരള്‍, ബ്രെയിന്‍)

ജങ്ക് ഫുഡ്

കാര്‍ബണേറ്റ് പാനീയങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍, ഫുഡ് അഡിറ്റീവ്, ബേക്കറി പലഹാരം, കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ (ചീസ്, നെയ്‌ച്ചോറ്, ബിരിയാണി തുടങ്ങിയവ)

ഉപ്പ്, പഞ്ചസാര എന്നിവ നിയന്ത്രിക്കുക.

 

Related Articles

Back to top button