IndiaLatest

മണിപ്പൂരില്‍ ഇന്ന് റീപോളിംഗ്; കനത്ത സുരക്ഷ

“Manju”

ഇംഫാല്‍: മണിപ്പൂരിലെ 11 ബൂത്തുകളില്‍ ഇന്ന് റീപോളിംഗ്. രാവിലെ ഏഴ് മണി മുതല്‍ വൈകുന്നേരം അഞ്ച് മണിവരെയാണ് വോട്ടെടുപ്പ്. 11 ബൂത്തുകളും ഇന്നര്‍ മണിപ്പൂര്‍ ലോക്സഭാ മണ്ഡലത്തിലാണ്. 19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ണമായി തടസ്സപ്പെട്ട ബൂത്തുകളിലാണ് റീപോളിംഗ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. റീപോളിംഗിന്റെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ ബൂത്തുകള്‍ക്ക് ഏര്‍പ്പെടുത്തി. 19 ലെ പോളിംഗ് ദിവസം ബിഷ്ണുപൂരില്‍ ബൂത്ത് പിടിച്ചെടുക്കാന്‍ വന്നവരെ പിരിച്ചു വിടാന്‍ പൊലീസ് ആകാശത്തേക്ക് വെടി വെച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഔട്ടര്‍ മണിപ്പൂര്‍ ലോക്സഭ മണ്ഡലത്തില്‍ ബാക്കിയുള്ള സ്ഥലങ്ങളില്‍ തിരഞ്ഞെടുപ്പ്.

ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാല്‍ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കില്‍ മൂന്ന്, ഇംഫാല്‍ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക. വെടിവെയ്പ്പ്, ആക്രമണ ഭീഷണി, ഇ വി എം മെഷീന്‍ നശിപ്പിച്ചതുള്‍പ്പടെയുള്ള മറ്റ് സംഭവങ്ങള്‍ എന്നിവയും മണിപ്പൂരില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നര്‍ മണിപ്പുരിലും ഔട്ടര്‍ മണിപ്പൂരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളില്‍ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മണിപ്പൂര്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടര്‍ മണിപ്പൂര്‍ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയതായി മണിപ്പൂര്‍ കോണ്‍ഗ്രസ് പ്രസിഡന്റ് കെ മേഘചന്ദ്ര അറിയിച്ചു.

 

Related Articles

Back to top button