KeralaLatest

കേരളം നാളെ പോളിങ്ങ് ബൂത്തിലേയ്ക്ക്; ഇന്ന് നിശബ്ദ പ്രചാരണം

“Manju”

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും. വോട്ടുറപ്പിക്കുന്നതിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിലാണ് ശ്രദ്ധകേന്ദ്രീകരിക്കുക. സംസ്ഥാനത്ത് ഇരുപത് ലോക്‌സഭാ മണ്ഡലങ്ങളിലും വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. പതിനെട്ടാം ലോക്‌സഭയിലേക്ക് നടക്കുന്ന തിരഞ്ഞടുപ്പില്‍ രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്.

ഒരുമാസത്തിലേറെ നീണ്ട കാടിളക്കിയുളള പ്രചാരണത്തില്‍ വാനോളമായിരുന്നു ആവേശം. മൂന്ന് മുന്നണികള്‍ക്കും അഭിമാന പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളിലും പ്രവചനാതീതമാണ് സാഹചര്യം. കഴിഞ്ഞ തവണ നടത്തിയ മുന്നേറ്റത്തിന്റെ തനിയാവര്‍ത്തനമാണ് യുഡിഎഫ് ലക്ഷ്യം വെക്കുന്നത്. ഒരു സീറ്റെന്ന നാണക്കേടില്‍ നിന്നുളള കരകയറ്റവും മുന്നേറ്റവുമാണ് ഇടത് സ്വപ്നം. അക്കൗണ്ട് തുറന്ന് കേരളം ബാലികേറാ മലയല്ലെന്ന് തെളിയിക്കേണ്ട ദൗത്യമാണ് ബിജെപിക്ക്. മുന്നണികള്‍ക്ക് ജീവന്മരണ പോരാട്ടമായതിനാല്‍ പ്രചാരണ രംഗത്തും അതിന്റെ വീറും വാശിയും പ്രകടമായിരുന്നു.

അവസാന വോട്ടും ഉറപ്പിക്കാനുളള അടവുകളാണ് ഇന്ന് മുന്നണികള്‍ പയറ്റുക. പ്രചാരണ കാലയളവില്‍ വിട്ടുപോയ ഇടങ്ങളിലെത്തിയും പ്രധാനികളെ അവസാനമായി ഒരിക്കല്‍ കൂടി കണ്ടും സ്ഥാനാര്‍ത്ഥികളും വോട്ടുറപ്പിക്കും. മുന്നണികള്‍ അവകാശ വാദങ്ങളാവര്‍ത്തിക്കുമ്പോഴും പ്രവചനാതീതമായ അടിയൊഴുക്കുകള്‍ തന്നെയാകും നിര്‍ണായകമാവുക. സസ്‌പെന്‍സ് ത്രില്ലറായ ഈ പോരാട്ടത്തില്‍ നാളെ കേരളം എങ്ങനെ വിധിയെഴുതുമെന്നതാണ് ഏറെ ആകാംക്ഷ. ജൂണ്‍ നാലുവരെ കാത്തിരിക്കണം ആ ആകാംക്ഷക്ക് വിരാമമുണ്ടാകാന്‍.

 

Related Articles

Back to top button