കൊച്ചി: ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ പഴ്സും മൊബൈലും തട്ടിയെടുക്കുന്ന ബൈക്ക് റേസിങ് സംഘം അറസ്റ്റില്‍. തോപ്പുംപടി സ്വദേശി മന്‍സൂര്‍ (20) ആലപ്പുഴ തിരുവമ്ബാടി സ്വദേശി ഷുഹൈബ് (21) മരട് സ്വദേശി ആദര്‍ശ് (20) എന്നിവരാണ് അറസ്റ്റിലായത്.
അസി.കമീഷണര്‍ കെ. ലാല്‍ജിയുടെ നേതൃത്വത്തിലെ സംഘമാണ് ഇവരെ പിടികൂടിയത്. മരട് ഇരുമ്പുപാലത്തിന് സമീപം വഴിയാത്രക്കാരിയുടെ പണമടങ്ങിയ പഴ്സ് തട്ടിയെടുത്ത കേസില്‍ പൊലീസ് നടത്തിയ അന്വേഷണമാണ് വഴിത്തിരിവായത്. പാലാരിവട്ടം, എളമക്കര, ഹില്‍പാലസ്, ഇന്‍ഫോപാര്‍ക്ക് സ്റ്റേഷനുകളില്‍ നടന്ന സമാന കേസുകളിലും ബൈക്ക് മോഷണങ്ങള്‍ക്കും പിന്നില്‍ ഇവരാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. സ്ത്രീകളെയാണ് ഇവര്‍ പിടിച്ചുപറിക്കുന്നത്. മന്‍സൂറാണ് ആസൂത്രകന്‍. ഷുഹൈബാണ് പഴ്സും മറ്റും തട്ടിയെടുക്കുന്നത്. ഇങ്ങനെ കണ്ടെത്തുന്ന പണം ആര്‍ഭാട ജീവിതത്തിനാണ് ഉപയോഗിച്ചിരുന്നത്.
ഒന്നാം പ്രതി മന്‍സൂര്‍ മതിലകം, ആലപ്പുഴ, പുന്നപ്ര സ്റ്റേഷനുകളില്‍ മോഷണം, പിടിച്ചുപറി കേസുകളില്‍ പ്രതിയാണ്. പുതുക്കാട് ഉബര്‍ ടാക്സി ഡ്രൈവറെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് ഷുഹൈബ്. മരട് എസ്.എച്ച്.ഒ വിനോദ് ചന്ദ്രന്, എസ്.ഐ റെനീഷ്, എ.എസ്.ഐ രാജീവ് നാഥ്, സി.പി.ഒ അനുരാജ്, വി. വിനോദ്, എസ്.ഐ ജോസി, എ.എസ്.ഐ അനില്‍കുമാര്‍, എസ്.ഐ.ഹരികുമാര്‍, എ.എസ്.ഐ റെജി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു