കോഴിക്കോട്: കൂടത്തായി സീരിയലിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ കോടതിയുടെ സഹായം തേടി പ്രതിഭാഗം. സീരിയല്‍ കാണുന്നതിന് സിഡി ലഭ്യമാക്കാന്‍ അനുവാദം തേടിയാണ് കേസിലെ ഒന്നാം പ്രതിയായ ജോളി കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചത്. സിഡി നല്കാന് ചാനലിന് നിര്‍ദ്ദേശം നല്‍കണമെന്ന് പ്രതിഭാഗം കോഴിക്കോട് ജില്ല പ്രിന്‍സിപ്പല്‍ ആന്റ് സെഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു. കൂടത്തായ് കൊലപാതക പരമ്പര ആസ്പദമാക്കി സംപ്രേഷണം ചെയ്ത സീരിയലില്‍ തന്നെയും വീട്ടുകാരെയും മോശമായി ചിത്രീകരിച്ചതായി ആരോപിക്കുന്നു. ഇത് മക്കളുടെ ഭാവിയെ പോലും ബാധിക്കുന്ന വിഷയമാണെന്നും അപേക്ഷയില്‍ പറയുന്നു.
ചാനലിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി സിഡി കാണാന്‍ അനുവദിക്കണമെന്നും ഇതില്‍ പറയുന്നു. സിഡി നല്കാന് ചാനലിന് നിര്‍ദ്ദേശം നല്‍കണമെന്ന് ജോളിയുടെ അഭിഭാഷകന് ബി.എ.ആളൂര്‍ വാദിച്ചു. ജോളിയുടെ സാമ്പത്തിക ഇടപാട് നടത്താന്‍ അനുവദിക്കണമെന്ന ആളൂരിന്റെ അപേക്ഷ കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ അപേക്ഷ നല്‍കിയത്.