ലൊക്കേഷന്‍ സ്റ്റില്ലുകള്ക്കു പിന്നാലെ ബറോസിന്റെ ആദ്യദിന ഷൂട്ടിംഗ് ദൃശ്യങ്ങള്‍ പങ്കുവെച്ച് മോഹന്‍ലാല്‍. തിരക്കഥാകൃത്ത് ജിജോ പുന്നൂസിനൊപ്പം അഭിനേതാക്കള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയും ക്യാമറാമാന് സന്തോഷ് ശിവനൊപ്പം മോണിറ്റര്‍ നോക്കിയും ആക്ഷനും കട്ടും പറഞ്ഞ് സംവിധായകനായുള്ള അരങ്ങേറ്റം ആവേശത്തോടെ ആസ്വദിക്കുന്ന മോഹന്‍ലാലിനെയാണ് ദൃശ്യങ്ങളില്‍ കാണുന്നത്.
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരന് ഭൂതമായ ബറോസിനെ തേടിയെത്തുന്ന പെണ്‍കുട്ടിയുടെ രംഗങ്ങളാണ് ഇന്ന് ചിത്രീകരിച്ചത്. അമേരിക്കന്‍ മോഡലും നടിയുമായ ഷയാല മക് കാഫ്രേയാണ് പെണ്‍കുട്ടിയുടെ വേഷം ചെയ്യുന്നത്. ബറോസായി മോഹന്‍ലാല്‍ തന്നെയാണ് വേഷമിടുന്നത്. സ്പാനിഷ് താരങ്ങളായ പാസ്വേഗ, റഫേല്‍ അമര്‍ഗോ തുടങ്ങിയവരും ചിത്രത്തിലുണ്ട്. വാസ്കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്കോ ഡ ഗാമയുടെ ഭാര്യയുടെ വേഷമാണ് പാസ് വേഗയ്ക്ക്. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. മലയാളത്തില്‍നിന്ന് പൃഥ്വിരാജ്, പ്രതാപ് പോത്തന് ഉള്‍പ്പെടെ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഡിസംബറില്‍ ചിത്രം തീയേറ്ററില്‍ എത്തിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. സന്തോഷ് രാമനാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. ദി വേള്‍ഡ്സ് ബെസ്റ്റ് എന്ന വിഖ്യാത സംഗീത റിയാലിറ്റി ഷോയില്‍ അതിവേഗ പിയാനോ വായനയിലൂടെ ലോകത്തെ അമ്ബരപ്പിച്ച അത്ഭുത ബാലന് ലിഡിയന് നാദസ്വരമാണ് സംഗീതം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. വിതരണം മാക്സ് ലാബ്.