ലഖ്നൗ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്കി ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിയില്‍ വച്ചാണ് സംഭാവന നല്‍കിയത്. ലുലു ഗ്രൂപ്പ് ഉത്തര്‍പ്രദേശ് റീജ്യണല്‍ ഡയറക്ടര്‍ ജയകുമാര്‍, ജനറല്‍ മാനേജര്‍ ലിജോ ജോസ് ആലപ്പാട്ട് എന്നിവര്‍ ചേര്‍ന്നാണ് 5 കോടിയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്.
കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി ഉത്തര്‍പ്രദേശിലെ ജനങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് നല്കിയ സഹായം മികച്ച രിതിയില്‍ പ്രയോജനപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ് ട്വിറ്ററില്‍ കുറിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരുടെ പിന്തുണ മഹാമാരിയെ നിയന്ത്രിക്കുവാന്‍ ഏറെ സഹായകരമാകുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.