നരിക്കുനി: റേഷന്‍ കടയുടമയും കുടുംബവും കോവിഡിന്റെ പിടിയിലകപ്പെട്ടതോടെ റേഷന്‍ വിതരണം തടസ്സമാകുമെന്ന് കണ്ടപ്പോള്‍ മുന്‍ പ്രസിഡന്റ് തന്റെ അവശതകള്‍ മാറ്റിവെച്ച് റേഷന്‍ ഉപഭോക്താക്കള്‍ക്ക് സഹായിയായി. കാക്കൂര്‍ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കുട്ടമ്ബൂരിലെ കെ.കെ. വിശ്വംഭരനാണ് നാട്ടുകാരുടെ അന്നദാതാവായി മാറിയത്.
മാസാവസാനമായതിനാല്‍ സ്പെഷല്‍ അരിയും സാധാരണ അരിയും, മണ്ണെണ്ണയും കിറ്റുമൊക്കെ എങ്ങനെ വിതരണം ചെയ്യുമെന്ന ആശങ്കയിലായിരുന്നു റേഷന്‍ കട ഉടമ. എന്നാല്‍ മഹാമാരിയില്‍ ജനം കഷ്ടപ്പെടരുതെന്ന നയമായിരുന്നു ജനകീയ നേതാവായ വിശ്വംഭരന്.
ഉടന്‍ വാര്‍ഡ് അംഗം കേയക്കണ്ടി ഷംന ടീച്ചര്‍, ആര്.ആര്.ടി അംഗങ്ങളായ ഒ.കെ. ശിവദാസന്‍, കെ. ലിനീഷ്, ഷാഹിര്‍ കുട്ടമ്ബൂര്‍, നിരഞ്ജന്, ഹാറൂന്‍ സലിം എന്നിവരുടെ സഹകരണത്തോടെ റേഷന്‍ വിതരണം ആരംഭിച്ചു. മറ്റ് റേഷന്‍ കടകളില്‍ നിന്ന് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാമെന്നിരിക്കെ വാഹനങ്ങള്‍ ഓടാത്തതിനാല്‍ സ്വന്തം നാട്ടില്‍ നിന്നു തന്നെ റേഷന്‍ വാങ്ങാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലായിരുന്നു ഉപഭോക്താക്കള്‍.