ലഖ്നൗ: യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ 40 ശതമാനം സീറ്റുകള്‍ വനിതകള്‍ക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ച് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ക്കായി ലഖ്നൗവിലെത്തിയ പ്രിയങ്ക മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. ”സ്ത്രീകള്‍ യുപി നിയമസഭ തെരഞ്ഞെടുപ്പില്‍ സജീവമായുണ്ടാകും.
രാഷ്ട്രീയ പാര്‍ട്ടികള്‍ ചിന്തിക്കുന്നത് എല്‍.പി.ജി സിലിണ്ടര്‍ നല്കി സ്ത്രീകളെ സംതൃപ്തരാക്കാമെന്നാണ്. സ്ത്രീകള്‍ക്ക് ഇത്രയും പ്രാതിനിധ്യം നല്കാന് തീരുമാനിക്കുന്നത് ഉന്നാവോ ബലാംത്സംഗ ഇരക്കും, ഹഥ്രസില് നീതി ലഭിക്കാത്ത പെണ്‍കുട്ടിക്കും, ലഖിംപൂര്‍ ഖേരിയില്‍ വെച്ച് കണ്ടപ്പോള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച പെണ്‍കുട്ടിക്കും വേണ്ടിയാണ്. ഉത്തര്‍ പ്രദേശ് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ പെണ്‍കുട്ടിക്കും വേണ്ടിയാണ് ഈ തീരുമാനം. വിദ്വേഷ രാഷ്ട്രീയത്തെ അവസാനിപ്പിക്കാന്‍ സ്ത്രീകള്‍ക്കേ കഴിയൂ” -പ്രിയങ്ക ചൂണ്ടിക്കാട്ടി .
സ്ത്രീകളോട് തന്റെ തോളോട് തോള് ചേര്‍ന്ന് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങാനും പ്രിയങ്ക ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ ലഖ്നൗവില്‍ സ്ഥിരതാമസമാക്കി പ്രചാരണത്തില്‍ സജീവമാക്കാനാണ് പ്രിയങ്ക ലക്ഷ്യമിടുന്നത്. യുപിയില്‍ കര്‍ഷകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ വീട്ടുതടങ്കലിലായതും കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചതും പിന്നാലെ നരേന്ദ്ര മോദിയുടെ തട്ടകമായ വാരണാസിയിലെ കൂറ്റന്‍ റാലിയും പ്രിയങ്കയെ ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രിയങ്കരിയാക്കിയിട്ടുണ്ട്.