മലപ്പുറം: ബൈക്കിടിച്ചു പരുക്കേറ്റയാളെ ആശുപത്രിയിലെത്തിക്കാന്‍ മുന്‍കയ്യെടുത്തു രാഹുല്‍ ഗാന്ധി. പരുക്കേറ്റയാള്‍ക്കു പ്രഥമ ശുശ്രൂഷ നല്‍കിയശേഷം സ്വന്തം വാഹനവ്യൂഹത്തിലെ ആംബുലന്‍സില്‍ ആശുപത്രിയിലെത്തിച്ചു.
ഇന്നലെ രാത്രി ഏഴരയോടെ വണ്ടൂരിനു സമീപം വടപുറത്താണു സംഭവം. വണ്ടൂരിലെ കോണ്‍ഗ്രസ് പൊതുയോഗത്തിനു ശേഷം മമ്പാട് ഗസ്റ്റ് ഹൗസിലേക്കു പോകുകയായിരുന്നു രാഹുല്‍ ഗാന്ധി. വടപുറത്തെത്തിയപ്പോള് അപകടത്തില്‍ പരുക്കേറ്റ് ഒരാള്‍ റോഡില്‍ കിടക്കുന്നതുകണ്ട് രാഹുല്‍ വാഹനം നിര്‍ത്തി പുറത്തിറങ്ങി.
വാഹനവ്യൂഹനത്തിലെ ആംബുലന്‍സില്‍ പരുക്കേറ്റയാളെ ഉടന്‍ ആശുപത്രിയിലെത്തിക്കാനും നിര്‍ദേശിച്ചു. പ്രഥമ ശുശ്രൂഷ നല്‍കാനും ആളെ സ്ട്രെച്ചറില്‍ ആംബുലന്‍സിലേക്കു മാറ്റാനും രാഹുലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം ചേര്‍ന്നു. പരുക്കേറ്റയാളുമായി ആംബുലന്‍സ് ആശുപത്രിയിലേക്കു പോയശേഷമാണു രാഹുല്‍ യാത്ര തുടര്‍ന്നത്.
പരുക്കേറ്റതു വടപുറം സ്വദേശി മൂര്‍ക്കത്തു അബൂബക്കറിനാണെന്നു (80) പിന്നീട് തിരിച്ചറിഞ്ഞു. ഇദ്ദേഹം വടപുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുട്ടിക്കടവ് കൈപ്പള്ളില്‍ ലിബിന് (25) ഓടിച്ച ബൈക്കിടിച്ചാണ് അബൂബക്കറിനു പരുക്കേറ്റത്. ലിബിനും പരുക്കുകളോടെ ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്.