IndiaLatest

അഗ്നിപഥ് പദ്ധതി: ‍ നാവികസേന ആദ്യ ബാചില്‍ 20 ശതമാനം സ്ത്രീകളെ റിക്രൂട്ട്മെന്റ് ചെയ്യും

“Manju”

ന്യൂഡല്‍ഹി: അഗ്നിപഥ് റിക്രൂട്ട്മെന്റ് പദ്ധതിയില്‍ അഗ്നിവീറിന്റെ ആദ്യ ബാചിലെ ഉദ്യോഗാര്‍ഥികളില്‍ 20ശതമാനം സ്ത്രീകളായിരിക്കുമെന്ന് ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

വൈസ് അഡ്മിറല്‍ ദിനേശ് ത്രിപാഠി കഴിഞ്ഞ മാസം ഒരു മാധ്യമ ചര്‍ച്ചയില്‍ ‘അഗ്നിവീര്‍’ റിക്രൂട്ട്മെന്റ് ലിംഗഭേദമില്ലാതെ ആയിരിക്കുമെന്ന് സൂചിപ്പിച്ചിരുന്നു. ‘സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അഗ്നിവീരന്മാരാവാന്‍ കഴിയുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ‘നാവികസേനയില്‍ നിലവില്‍ 30 വനിതാ ഓഫീസര്‍മാര്‍ വിവിധ ഇന്‍ഡ്യന്‍ നാവിക കപ്പലുകളില്‍ ചുമതലയിലുണ്ട്. അഗ്നിപഥ് പദ്ധതി പ്രകാരം സ്ത്രീകളെയും റിക്രൂട്ട് ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അവരെ യുദ്ധക്കപ്പലുകളിലും വിന്യസിക്കും’, ദിനേഷ് ത്രിപാഠി കൂട്ടിച്ചേര്‍ത്തു. 2022 നവംബര്‍ 21 മുതല്‍ ഒഡീഷയിലെ ഐഎന്‍എസ് ചില്‍ക പരിശീലന സ്ഥാപനത്തിലേക്ക് ആദ്യത്തെ നാവികസേന ‘അഗ്നിവീര്‍’ എത്തിത്തുടങ്ങുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതിഷേധത്തിന്റെയും നശീകരണ പ്രവര്‍ത്തനങ്ങളുടെയും (അഗ്നിപഥ് പദ്ധതിക്കെതിരെ) പങ്കെടുത്തവര്‍ക്ക് സൈന്യത്തില്‍ സ്ഥാനമില്ലെന്ന് ഇതേ മാധ്യമ ചര്‍ചയില്‍ സൈനിക കാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ലെഫ്റ്റനന്റ് ജനറല്‍ അനില്‍ പുരി പറഞ്ഞിരുന്നു. ‘അച്ചടക്കമാണ് ഇന്‍ഡ്യന്‍ സൈന്യത്തിന്റെ അടിത്തറ. തീവെയ്‌ക്കലിനോ നശീകരണത്തിനോ ഇടമില്ല. ഓരോ വ്യക്തിയും തങ്ങള്‍ ഒരു പ്രതിഷേധത്തിന്റെയോ നശീകരണ പ്രവര്‍ത്തനത്തിന്റെയോ ഭാഗമല്ലെന്ന് സര്‍ടിഫിക്കറ്റ് നല്‍കണം. 100% പൊലീസ് വെരിഫിക്കേഷന്‍ ഉണ്ട്, അതില്ലാതെ ആര്‍ക്കും ചേരാന്‍ കഴിയില്ല. അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ ചേരാന്‍ കഴിയില്ല. എന്‍റോള്‍മെന്റ് ഫോമിന്റെ ഭാഗമായി ചേരാന്‍ ആഗ്രഹിക്കുന്നവരോട് നശീകരണ പ്രവര്‍ത്തങ്ങളില്‍ ഭാഗമായിരുന്നില്ലെന്ന് എഴുതി തരാന്‍ ആവശ്യപ്പെടും, അവരുടെ പൊലീസ് വെരിഫിക്കേഷന്‍ നടത്തും,’ അദ്ദേഹം പറഞ്ഞു.

Related Articles

Back to top button