യുഎസിന് മുന്നറിയിപ്പു നല്കി ചൈനീസ് സൈന്യം
ബീജിങ്: തായ്വാനുമായി യുഎസ് ആയുധ വില്‍പ്പന നടത്തുന്നതില്‍ പ്രകോപിതരായി ചൈനീസ് സൈന്യം. കവചിത വാഹന ഭാഗങ്ങളും സാങ്കേതിക സഹായവും ഉള്‍പ്പെടുന്ന 108 മില്യണ്‍ ഡോളറിന്റെ ആയുധ ഇടപാടാണ് യുഎസും തായ്വാനും തമ്മില്‍ നടത്തുന്നത്. ഇതില്‍ പ്രകോപിതരായാണ് ചൈന യുഎസിന് മുന്നറിയിപ്പ് നല്‍കിയത്.
തായ്വാനുമായുള്ള ആയുധ ഇടപാട് അമേരിക്ക പിന്‍വലിക്കണമെന്നും, ദ്വീപുമായുള്ള സൈനിക ബന്ധം വിച്ഛേദിക്കണമെന്നും ചൈന യുഎസിനോട് ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം, തായ്വാന്റെ തകര്‍ച്ചയുടെ പൂര്‍ണ ഉത്തരവാദിത്വം യുഎസിന് ആയിരിക്കുമെന്ന മുന്നറിയിപ്പും ചൈന നല്കി. തങ്ങളുടെ പരമാധികാരവും സുരക്ഷാ താല്പര്യങ്ങളും നിലനിര്‍ത്താന്‍ വേണ്ടി ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് കേണല്‍ ടാന്‍ കെഫീ വ്യക്തമാക്കി.
1949ല്‍ ചൈനയില്‍ നടന്ന ആഭ്യന്തരയുദ്ധത്തില്‍ പരാജയപ്പെട്ട് ഒരു കൂട്ടം ദേശീയവാദികള്‍ ദ്വീപിലേക്ക് പലായനം ചെയ്തിരുന്നു. ഇവരാണ് ഇപ്പോള്‍ തായ്വാന് ഭരിക്കുന്നത്. 23.5 മില്യന്‍ ജനങ്ങളാണ് തായ്വാനിലുള്ളത്. ഏകീകൃത ചൈന നയത്തില്‍ വിശ്വസിക്കുന്ന ചൈന, തായ്വാന് ദ്വീപ് സ്വന്തം ഭാഗമായാണ് കണക്കാക്കുന്നത്.