IndiaLatest

ഉന്നത ബന്ധങ്ങൾക്കു തെളിവായ നിർണായക മൊബൈൽ ഫോൺ റമീസ് നശിപ്പിച്ചു

“Manju”

കൊച്ചി • യുഎഇ കോൺസുലേറ്റിലേക്കുള്ള നയതന്ത്ര പാഴ്സലിൽ സ്വർണം ഒളിപ്പിച്ചു കടത്തിയതിനു പിന്നിലെ ഉന്നത ബന്ധങ്ങൾക്കു തെളിവായ നിർണായക മൊബൈൽ ഫോൺ നശിപ്പിച്ചു. ദുബായിൽ നിന്നെത്തിയ സ്വർണം തിരുവനന്തപുരം വിമാനത്താവളത്തിൽ കസ്റ്റംസ് ജൂൺ 30നു തടഞ്ഞുവച്ച വിവരം അറിഞ്ഞ അന്നു രാത്രിയാണു കേസിലെ മുഖ്യകണ്ണിയായ കെ.ടി. റമീസ് മൊബൈൽ ഫോൺ നശിപ്പിച്ചത്. പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ് നായർ, പി.എസ്. സരിത് എന്നിവരെ വിളിക്കാൻ ഉപയോഗിച്ചിരുന്ന ഫോണുകൾ റമീസ് നശിപ്പിക്കാതിരുന്നതിന്റെ കാരണവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. ഈ ഫോണും ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും റമീസിന്റെ വീട്ടിൽ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

നശിപ്പിച്ചു കളഞ്ഞ ഫോണിലെ ‘രഹസ്യങ്ങൾ’ വെളിപ്പെടുത്താൻ റമീസ് ഇതുവരെ തയാറായിട്ടില്ല. റമീസിന്റെ ഉന്നത ബന്ധങ്ങളുടെ തെളിവാണു നശിപ്പിക്കപ്പെട്ട ഫോണിലുള്ളതെന്നാണ് അന്വേഷണ സംഘം കരുതുന്നത്. ഈ സാഹചര്യത്തിലാണു റമീസിനെ കൂടുതൽ ചോദ്യം ചെയ്യാനായി 3 ദിവസം കൂടി ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയത്.

സ്വർണക്കടത്തിൽ സരിത് പിടിക്കപ്പെട്ടതോടെ അന്വേഷണം തന്നിലെത്തുമെന്നു റമീസിന് അറിയാമായിരുന്നു. ഫോൺ നശിപ്പിച്ചത് ഇതിനു തെളിവാണ്. കേസിൽ അറസ്റ്റിലായ മറ്റു 11 പ്രതികൾക്കും റമീസിന്റെ നശിപ്പിക്കപ്പെട്ട ഫോണിന്റെ നമ്പർ അറിയില്ല. സ്വർണക്കടത്തിനു പിന്നിൽ പ്രവർത്തിക്കുന്ന ഇവർക്കു പുറമേയുള്ള മറ്റാരുമായോ റമീസിന് ആശയവിനിമയം നടത്താൻ ഉപയോഗിച്ചിരുന്ന ഫോണാണു നഷ്ടപ്പെട്ടത്. ഫോൺ നശിപ്പിച്ചു കളഞ്ഞ സ്ഥലം തെളിവെടുപ്പിനിടയിൽ റമീസ് അന്വേഷണ സംഘത്തിനു കാണിച്ചു കൊടുത്തു. ഈ ഫോണിന്റെ അവശിഷ്ടങ്ങൾ പോലും കണ്ടെത്താൻ കഴിയാതിരുന്നതോടെ ഇയാളുടെ നിഗൂഢബന്ധങ്ങൾ കണ്ടെത്താൻ മറ്റു മാർഗങ്ങൾ ആരായുകയാണ് എൻഐഎ.

Related Articles

Back to top button