ന്യുഡല്‍ഹി : സംസ്ഥാനാന്തര യാത്രകളും അന്തര്‍ സംസ്ഥാന യാത്രകളും ചരക്ക് നീക്കങ്ങളും തടയരുതെന്ന് സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ലോക്കഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച അണ്‍ലോക്ക് മൂന്ന് നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. ചില സംസ്ഥാനങ്ങള്‍ സംസ്ഥാനാന്തര യാത്രകളും അന്തര്‍ സംസ്ഥാന യാത്രകളും ചരക്ക് നീക്കങ്ങളും തടഞ്ഞ് ഉത്തരവ് ഇറക്കിയ പാശ്ചത്തലത്തിലാണ് കേന്ദ്രനിര്‍ദ്ദേശം.
രാജ്യം ‘തുറക്കല്‍‘ പ്രക്രിയയിലേയ്ക്ക് പോകുന്നഘട്ടത്തില്‍ അതില്‍ നിന്ന് മാറിനില്‍ക്കുന്ന നിലപാട് സംസ്ഥാനങ്ങളില്‍ നിന്നുണ്ടാകരുത് എന്ന സന്ദേശമാണ് ഇതിലൂടെ കേന്ദ്രം നല്‍കുന്നത്. കേന്ദ്ര നിര്‍ദ്ദേശം മറികടന്നും ഇത്തരം നിയന്ത്രണങ്ങള്‍ സംസ്ഥാനതലത്തില്‍ കൊണ്ടുവരുന്നത് ദുരന്ത നിവാരണ ആക്ട് 2005 മാര്‍ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമായിരിക്കുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ കത്തിലുണ്ട്.