സിന്ധുമോള്‍ ആര്
കൊച്ചി : ഹോമിയോ അടക്കം ആയുഷ് വിഭാഗം ഔഷധങ്ങള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ എന്ന നിലയിലല്ലാതെ കോവിഡ് രോഗം മാറ്റാനെന്ന നിലയില്‍ നല്‍കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈകോടതി പറഞ്ഞു . രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ ആയുര്‍വേദ, ഹോമിയോ, സിദ്ധ, യുനാനി മരുന്നുകള്‍ നല്‍കുന്നതിന് നിരോധനമില്ല. ഈ മരുന്നുകളില്‍ ചിലത് പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നവയെന്ന നിലയില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ അംഗീകരിച്ചതുമാണ് . കോവിഡ് മാറാനെന്ന പേരില്‍ ഒരു മരുന്നും നല്‍കരുതെന്ന് ആയുഷ് വിഭാഗം ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട് .
ഇതിന് വിരുദ്ധമായി ആയുഷ് ഡോക്ടമാര്‍ കോവിഡ് ഭേദമാക്കാന്‍ മരുന്നു നല്‍കുകയോ പരസ്യം ചെയ്യുകയോ ചെയ്താല്‍ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാമെന്നും ഇവരുടെ പ്രവൃത്തികള്‍ ആരോഗ്യ, പൊലീസ് അധികൃതര്‍ നിരീക്ഷിക്കണമെന്നും ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു . കോവിഡ് രോഗികളെ ചികിത്സിക്കാനും പ്രതിരോധ മരുന്നു നല്‍കാനും ഹോമിയോ ഡോക്ടര്‍മാര്‍ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കോഴിക്കോട് സ്വദേശിയായ അഭിഭാഷകന് എം.എസ്. വിനീത് നല്കിയ ഹരജിയിയാണ് ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുവദിക്കുന്നില്ലെന്നും മാര്‍ച്ച് ആറിന് കേന്ദ്ര ആയുഷ് മന്ത്രാലയം നല്കിയ മാര്‍ഗ നിര്‍ദേശം സംസ്ഥാനത്ത് നടപ്പാക്കിയില്ലെന്നുമാണ് ഹരജിക്കാരുടെ ആരോപണം . എന്നാല്‍, കോവിഡ് രോഗികളും ഇവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരും ക്വാറന്റീനിലുമുള്ളവരുമായി ബന്ധപ്പെട്ട് പ്രത്യേക മാനദണ്ഡമുണ്ടെന്നും ഇതില്‍ ഹോമിയോയും മറ്റും ഉള്‍പ്പെട്ടിട്ടില്ലെന്നും സര്‍ക്കാര്‍ അറിയിച്ചു .