അബുദബിയില്‍ കനത്ത മൂടല്‍മഞ്ഞില്‍ ഹെവി വാഹനങ്ങള്‍ ഓടിച്ചാല്‍ പിഴ
സിന്ധുമോള്‍ ആര്
അബൂദബി: കനത്ത മൂടല്മഞ്ഞുവേളയില് വാഹനം ഓടിക്കുന്നതിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ക്ക് പിഴയിടുമെന്ന മുന്നറിയിപ്പുമായി അബൂദബി പൊലീസ്. മൂടല്‍മഞ്ഞുള്ളപ്പോള്‍ ദൂരക്കാഴ്ചക്കുള്ള തടസ്സം മാറുന്നതുവരെ അബൂദബിയിലെ ആന്തരികവും ബാഹ്യവുമായ റോഡുകളില്‍ ഹെവി വാഹനങ്ങളുടെ സഞ്ചാരം അനുവദിക്കില്ലെന്നും പൊലീസ് വ്യക്തമാക്കി.
കനത്ത മൂടല്‍മഞ്ഞുമൂലം റോഡുകളില്‍ ദൂരക്കാഴ്ച കുറയുന്നതിനാല്‍ ട്രക്കുകള്‍, ഹെവി വാഹനങ്ങള്‍, ബസുകള്‍ എന്നിവയുടെ ഗതാഗതം അബൂദബി പൊലീസ് പല ഭാഗത്തും തടഞ്ഞു. അപകടങ്ങള്‍ ഒഴിവാക്കാനും ഗതാഗത സുരക്ഷ വര്‍ധിപ്പിക്കാനുമാണിത്. റോഡ് സുരക്ഷ നിയമം പാലിക്കാത്ത ഡ്രൈവര്‍മാര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ട്രാഫിക് പോയന്റുകളും പിഴ ലഭിക്കുമെന്ന് പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തി. അധികൃതരുടെ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൂടല്‍മഞ്ഞ് സമയത്ത് വാഹനമോടിക്കുന്നത് ട്രാഫിക് നിയമലംഘനമാണെന്നും പൊലീസ് ചൂണ്ടിക്കാട്ടി.