ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സച്ചിന് കുന്ദല്‍ക്കറിന്റെ ഹിന്ദി-ഇംഗ്ലിഷ് സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാനൊരുങ്ങി പൂർണിമ ഇന്ദ്രജിത്ത്. ‘കൊബാൾട്ട് ബ്ലൂ’ എന്നു പേരിട്ടിരിക്കുന്ന ചിത്രം അതേ പേരിലുള്ള സച്ചിന് കുന്ദല്‍ക്കറിന്റെ പുസ്തകത്തെ അധികരിച്ചുള്ളതാണ്. ഒരു ഇടവേളക്കു ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തിയ പൂർണിമയുടെ ആദ്യ ബോളിവുഡ് ചിത്രമാകും ‘കൊബാൾട്ട് ബ്ലൂ’. സിനിമയിലെ ഏക മലയാളി സാന്നിധ്യമാണ് പൂർണിമ.
പ്രതീക് ബബ്ബര്‍ ആണ് ചിത്രത്തിലെ നായകന്. വിഞ്ചെന്‍സോ കോണ്ടറെലിയാണ് ക്യാമറ. 2006ല്‍ മറാത്തിയില്‍ പുറത്തിറങ്ങിയ നോവലാണ് ‘കൊബാള്‍ട്ട് ബ്ലൂ’. തനയ്, അനുജ എന്ന സഹോദരിമാരുടെ കഥയാണ് നോവൽ പറയുന്നത്. ഇവരുടെ വീട്ടില്‍ പേയിങ് ഗസ്റ്റ് ആയി താമസിക്കാനെത്തുന്ന യുവാവുമായി ഇരുവരും പ്രണയത്തിലാകുന്നു.
കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമ , നെറ്റ്ഫ്ലിക്സിനു വേണ്ടി ഓപ്പണ്‍ എയര്‍ ഫിലിംസാണ് നിര്‍മിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ വെബ് സീരീസായ ലൈലയുടെ നിർമാതാക്കളാണ് ഓപ്പൺ എയർ ഫിലിംസ്.
വിവാഹത്തിനുശേഷം അഭിനയരംഗത്തു നിന്നു ഇടവേളയെടുത്ത പൂര്‍ണിമ ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ തിരിച്ചെത്തിയത്. നിവിൻ പോളി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന രാജീവ് രവി ചിത്രം തുറമുഖമാണ് ഇനി പൂർണിമയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ബോളിവുഡിലേക്കുള്ള താരത്തിന്റെ കടന്നുവരവ് അപ്രതീക്ഷിതമാണെന്നാണ് ആരാധകരുടെ പ്രതികരണം. കൊച്ചിയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തിലെ സെറ്റില്‍ നടന്ന ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമത്തിൽ പൂര്‍ണിമ പങ്കുവച്ചിരുന്നു.