ശ്രീനഗര്‍: ജമ്മു കാഷ്മീരില്‍ കനത്ത മഞ്ഞു വീഴ്ച മൂലം ഞായറാഴ്ച രണ്ടു പേര് മരിച്ചു. വടക്കന്‍ കാഷ്മീരിലെ കുപ്വാരയില് മിനി ട്രക്കിനുള്ളിലാണ് രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ജമ്മു-ശ്രീനഗര്‍ പാതയില്‍ ജവഹര്‍ ടണലിന് ചുറ്റുമുള്ള മഞ്ഞുവീഴ്ചയിലാണ് ഇവര്‍ കുടുങ്ങിയത്.
സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാരും ഡ്രൈവര്‍മാരും രംഗത്തെത്തി. ഇരുവരുടെയും മരണത്തിന് സര്‍ക്കാര്‍ ഉത്തരവാദികളാണെന്ന് ഇവര്‍ ആരോപിച്ചു. പോലീസിനു നേരെ ജനക്കൂട്ടം കല്ലെറിയുകയും ചെയ്തു. അതേസമയം, സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഞ്ഞുവീഴ്ച മൂലം റോഡ് ഗതാഗതം താറുമാറായിരിക്കുകയാണ്.