KeralaLatest

കൊവിഡിനിടയിലും സ്വകാര്യ സ്കൂളുകാരുടെ ഫീസ് പിരിവ്

“Manju”

 

ശ്രീജ.എസ്


തിരുവനന്തപുരം: കൊവിഡും ലോക് ഡൗണും മൂലം വരുമാനം നിലച്ച രക്ഷിതാക്കള്‍ക്ക് സ്വകാര്യ സ്കൂളുകാരുടെ ഇടുട്ടടി. കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് സ്കൂളുകള്‍ തുറക്കില്ലെങ്കിലും മുഴുവന്‍ ഫീസും അടയ്ക്കണമെന്നാണ് ചില സ്കൂളുകള്‍ ആവശ്യപ്പെടുന്നത്.

രക്ഷിതാക്കളില്‍ മിക്കവരുടെയും തൊഴിലും വരുമാനവും നഷ്ടപ്പെട്ടിട്ടും ഫീസ് വാങ്ങുന്ന കാര്യത്തില്‍ ഈ സ്കൂളുകാര്‍ ഒരിളവും കാണിക്കുന്നില്ല.ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി കമ്പ്യൂട്ടറും മൊബൈലുമൊക്കെ വാങ്ങി മാതാപിതാക്കളില്‍ പലരും ഇപ്പോള്‍ തന്നെ കടക്കെണിയിലാണ്. ഒന്നില്‍ കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്കാണ് ഏറെ പ്രശ്നം.സ്ക്കൂള്‍ തുറക്കാത്തിനാല്‍ ഫീസ് അടക്കാന്‍ സാവകാശം ലഭിക്കുമെന്നാണ് പലരും കരുതിയിരുന്നത്. പക്ഷേ, അതെല്ലാം വെറും പ്രതീക്ഷമാത്രമായി. അതിനിടെ വരുമാനം കുറഞ്ഞെന്നു പറഞ്ഞ് ചില സ്കൂളുകളില്‍ അദ്ധ്യാപകരുടെ ശബളം വെട്ടിക്കുറച്ചെന്നും ആക്ഷേപമുണ്ട്.

സ്കൂള്‍ തുറക്കാനാവാത്തതിനാല്‍ ഓണ്‍ ലൈന്‍ ക്ലാസുകളാണ് നടത്തുന്നത്. അതിനാല്‍ സ്കൂളുകളിലെ അനുബന്ധ സൗകര്യങ്ങള്‍ ഒന്നും കുട്ടികള്‍ ഉപയോഗിക്കുന്നില്ല. ഈ സാഹചര്യത്തില്‍ കൂടുതല്‍ ഫീസ് വാങ്ങരുതെന്നാണ് രക്ഷാകര്‍ത്താക്കളുടെ ആവശ്യം. ഫീസിനൊപ്പം പുസ്തകം വാങ്ങാനും നല്ലൊരു തുക ചെലവാകും. തങ്ങളുടെ അവസ്ഥ മനസിലാക്കി മുഴുവന്‍ ഫീസും വാങ്ങുന്നത് ഒഴിവാക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍ ഫീസ് വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം ഉപേക്ഷച്ചതിനൊപ്പം നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടക്കണമെന്ന് നിബന്ധനയും വേണ്ടെന്നുവച്ചെന്നാണ് സ്കൂള്‍ മാനേജ് മെന്റുകള്‍ പറയുന്നത്.

കേന്ദ്രീയ വിദ്യാലയവും മുഴുവന്‍ ഫീസ് അടക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഫീസ് വര്‍ദ്ധന മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുകയാണ് കേന്ദ്രീയ വിദ്യാലയങ്ങള്‍.

Related Articles

Back to top button